സംഘപരിവാർ ക്രിമിനൽ ചരിത്രം 
തുറന്നുകാട്ടി കത്തോലിക്ക സഭ

Catholica Sabha
avatar
കെ എ നിധിൻ നാഥ്‌

Published on Sep 19, 2025, 12:24 AM | 1 min read


തൃശൂർ

രാജ്യത്ത്‌ നടക്കുന്ന ക്രൈസ്‌തവവേട്ടയിൽ സംഘപരിവാറിനെതിരെ കടുത്ത വിമർശവുമായി തൃശൂർ അതിരൂപത. ബിജെപി സർക്കാർ സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടുകളെ തുറന്നുകാണിച്ച്‌ സംഘപരിവാറിന്റെ ക്രിമിനൽ ചരിത്രം അക്കമിട്ട്‌ നിരത്തുന്നതാണ്‌ അതിരൂപതാ മുഖപത്രമായ കത്തോലിക്കസഭയിലെ മുഖപ്രസംഗം. ‘സംഘപരിവാർ സംഘടനകളേ സത്യം മനസ്സിലാക്കൂ; വർഗീയ അജൻഡ ഉപേക്ഷിക്കൂ’ എന്ന തലക്കെട്ടിലാണ്‌ മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്‌.


ഛത്തീസ്ഗഢിലും ഒറീസയിലും സംഘപരിവാർ സംഘടനകൾ കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിക്കുകയും കള്ളക്കേസ് എടുപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധമുയർന്നിട്ടും സംഘപരിവാറിന്‌ മനഃപരിവർത്തനം ഉണ്ടായിട്ടില്ല എന്നു പറയുന്ന ലേഖനം ‘ഈ രാജ്യത്ത് നിലനിൽക്കുന്ന ദുഷിച്ച ജാതിവ്യവസ്ഥയും ദാരിദ്ര്യവും ചൂഷണവും ജന്മിത്തകാടത്തവും നിങ്ങൾ കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?. ഇത്‌ മറക്കാനാണോ നിങ്ങൾ കന്യാസ്ത്രീകൾക്കെതിരെയും വൈദികർക്കെതിരെയും കുതിരകയറുന്നത്?. എന്ന ചോദ്യം ഉയർത്തുന്നു.


‘സമാധാനത്തിന്റെ ദൂതനായ ഗാന്ധിജിയെ വെടിവച്ചുകൊല്ലുകയും ഘാതകനെ പുകഴ്ത്തുകയും ചെയ്യുന്ന ചിലർ നിങ്ങളുടെ കൂട്ടത്തിലില്ലേ? എന്തേ നിങ്ങൾ ഇത്ര അധഃപതിച്ചുപോയത്?.’ എന്നും ചോദിക്കുന്നു. ഫാദർ സ്റ്റാൻ സ്വാമിയെ കൊല്ലാക്കൊല ചെയ്യിച്ച രാജ്യമല്ലേ ഇത്?. എവിടെയാണ് സത്യം?. എവിടെയാണ് ധർമം?. ഗ്രഹാം സ്റ്റയിൻസിനെയും മക്കളെയും ചുട്ടുകൊന്നത് ആർഷഭാരത സംസ്‌കാരത്തിന്റെ ഭാഗമാണോ?. സിസ്റ്റർ റാണി മരിയയെ കുത്തിക്കൊന്ന ജന്മിത്തം ഇന്നും ഇന്ത്യയിൽ വിലസുന്നില്ലേ?. എന്തുകൊണ്ടാണ് നിങ്ങൾ ശത്രുതയും വിദ്വേഷവും പേറി ഹിന്ദുത്വം പ്രസംഗിക്കുന്നത്‌.


ഭീഷണിപ്പെടുത്തി ‘ഘർ വാപസി' എന്നു പേരിട്ട് മതം മാറ്റിക്കുന്ന ആൾക്കൂട്ട വിചാരണകൾ പലയിടത്തും നടക്കുന്നുണ്ട്. ഇതല്ലേ യഥാർഥ നിർബന്ധിത മതപരിവർത്തനം. ഇതിനെതിരെ ഒരിടത്തും പൊലീസ് നടപടിയെടുത്തിട്ടില്ല.സംസ്ഥാനത്തെ ചില സംഘപരിവാർ നേതാക്കളും മതപരിവർത്തനം ആരോപിച്ചിട്ടുണ്ട്‌. ഇത്‌ വർഗീയാന്ധത മൂലമാണ്‌. ഇങ്ങനെ ചോദ്യങ്ങളുയർത്തിയുള്ള കടന്നാക്രമണമാണ്‌ ‘കത്തോലിക്കസഭ’ മുഖപ്രസംഗം.



deshabhimani section

Related News

View More
0 comments
Sort by

Home