ഒഡീഷയിൽ പൊലീസ് മർദനത്തിനിരയായി മലയാളി വൈദികൻ
‘നേരിട്ടത് ക്രൂരമർദനം, ഫോണും പിടിച്ചുവച്ചു’ ; നടുക്കംമാറാതെ തോട്ടുവ വലിയകുളം വൈദിക കുടുംബം

ഫാദർ ജോഷിയുടെ സഹോദരന്മാരായ ജോമോൻ, ജോയൽ
ജിതിൻ ബാബു
Published on Apr 09, 2025, 01:48 AM | 1 min read
തോട്ടുവ (കോട്ടയം) : ‘‘അച്ചൻ ആക്രമിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ആകെയൊരു ഞെട്ടലായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. അദ്ദേഹത്തിന്റെ ഫോൺ പൊലീസുകാർ പിടിച്ചുവച്ചതിനാൽ ദിവസങ്ങൾ കഴിഞ്ഞാണ് ആക്രമണവിവരം പുറംലോകമറിഞ്ഞത്’’– ബിജെപി ഭരിക്കുന്ന ഒഡീഷയിൽ പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായ ഫാ. ജോഷി ജോർജിന്റെ കുടുംബാംഗങ്ങളുടെ വാക്കുകളിൽ ഭീതിവിട്ടൊഴിഞ്ഞിട്ടില്ല. അച്ചന് പൊലീസിന്റെ ക്രൂരമർദനമേറ്റത് വാർത്ത കണ്ട ബന്ധുവാണ് ഞങ്ങളെ അറിയിക്കുന്നത്–- സഹോദരൻ ജോമോൻ ജോർജ് പറഞ്ഞു.
ഒഡീഷയുടെ ഉൾഗ്രാമങ്ങളിൽ 40 വർഷമായി പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനായി സേവനംചെയ്‌തിട്ട്, ആ നാട്ടിൽനിന്ന് അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ പകച്ചുനിൽക്കുകയാണ് കുറവിലങ്ങാട്ടെ വൈദിക കുടുംബം. മാർച്ച് 22നാണ് ബരാംപൂർ രൂപതയിലെ ജുബ ഇടവക വികാരി ജോഷി ജോർജിനും സഹവൈദികൻ ദയാനന്ദിനും പൊലീസിന്റെ മർദനമേറ്റത്.
എത്തിയത് മുന്നൂറോളം പൊലീസ്
ജുബ ഇടവകയ്‌ക്ക് സമീപത്തുള്ള ആദിവാസികൾക്കിടയിൽ കഞ്ചാവ് പരിശോധനയ്‌ക്കെന്ന് പറഞ്ഞ് മുന്നൂറോളം പൊലീസുകാരാണ് എത്തിയത്. അവരുടെ വീടുകൾ തല്ലിത്തകർത്തശേഷം മടങ്ങുമ്പോഴാണ് പള്ളിയിൽ ആളുകളെ കണ്ട് പൊലീസ് അതിക്രമിച്ച് കയറിയത്. മർദനമേറ്റ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരാണ് അച്ചനെ വിളിക്കുന്നത്. തടയാൻ ചെന്ന അച്ചനെയും സഹവൈദികനെയും സംസാരിക്കാൻ അനുവദിക്കാതെ ക്രൂരമായി മർദിച്ചു. നിങ്ങൾ പാകിസ്ഥാനികളാണെന്നും മതപരിവർത്തനമാണ് ചെയ്യുന്നതെന്നും ആരോപിച്ചായിരുന്നു മർദനം. പൊലീസുകാരുടെ നേതൃത്വത്തിലുള്ള ആക്രമണമായതിനാൽ പരാതി കൊടുക്കാനും അവർക്ക് പേടിയായിരുന്നു– ഫാ. ജോഷി ജോർജിന്റെ മറ്റൊരു സഹോദരൻ ജോയൽ പറഞ്ഞു.









0 comments