ad
Deshabhimani

print edition എഫ്‌സിആർഎ ഭേദഗതിക്കെതിരെ കത്തോലിക്കാ സഭ

THRICHUR ARCHDIOCESE.
avatar
കെ എൻ സനിൽ ​

Published on Sep 07, 2026, 01:01 AM | 1 min read

തൃശൂർ : വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക്‌ വിട്ടതിൽ കടുത്ത വിമർശവുമായി കത്തോലിക്ക സഭ പ്രസിദ്ധീകരണങ്ങൾ. തൃശൂർ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്ക സഭ’യും ഇരിങ്ങാലക്കുട രൂപത മുഖപത്രം ‘കേരള സഭ’യുമാണ്‌ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചത്‌. ബിൽ പൂർണമായി പൻവലിക്കാതെ ജെപിസിക്ക്‌ വിട്ടത്‌ കണ്ണിൽപൊടിയിടാനാണെന്ന്‌ ‘കത്തോലിക്ക സഭ’ വിമർശിച്ചു.


ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥാപനങ്ങൾ ഏകപക്ഷീയമായി പിടിച്ചെടുക്കാനും സന്നദ്ധ സംഘടനകളെ പൂർണമായി നിയന്ത്രണ വിധേയമാക്കാനുമുള്ള നീക്കമാണിത്‌. പ്രതിപക്ഷവും ന്യൂനപക്ഷ സംഘടനകളും ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കടുത്ത നിലപാടിലാണ്‌ കേന്ദ്രസർക്കാർ. ജെപിസി പരിഗണനയ്‌ക്കുശേഷം വ്യവസ്ഥകൾ കൂടുതൽ കടുപ്പിക്കുമോ എന്ന്‌ ആശങ്കയുണ്ട്‌. കേന്ദ്ര ഭരണകക്ഷിക്ക്‌ ഭ‍ൂരിപക്ഷമുള്ള ജെപിസി സർക്കാരിനനുകൂലമായി നിൽക്കുമെന്നും കോടതിക്കുപോലും ഇടപെടാനാവാത്തവിധം കഠിന വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നും ആശങ്കയുണ്ട്‌– എഫ്‌സിആർഎ ബിൽ നീതി നിഷേധം എന്ന ലേഖനത്തിൽ പറയുന്നു.


അൽപ്പം വൈകിക്കുമെന്നല്ലാതെ ബില്ലിൽനിന്ന്‌ കേന്ദ്ര സർക്കാർ പിറകോട്ടുപോകില്ലെന്നത്‌ വ്യക്തമാണെന്ന്‌ ‘കേരളസഭ’യിലെ ലേഖനത്തിലും പറയുന്നു. ക്രൈസ്‌തവ സഭകളെയും അവരുടെ സ്ഥാപനങ്ങളെയും കൂച്ചുവിലങ്ങിട്ട്‌ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ അറുതിവരുത്തുകയെന്നത്‌ തീവ്ര ഹിന്ദുത്വ ആശയങ്ങളിൽ അടിയുറച്ച ഹിന്ദുരാഷ്‌ട്രം യാഥാർഥ്യമാക്കാൻ അനിവാര്യമാണെന്ന തിരിച്ചറിവാണ്‌ ഇ‍ൗ കരിനിയമത്തിനുപിന്നിലെന്ന്‌ കേരള സഭ ആരോപിച്ചു. ‘കത്തോലിക്ക സഭ’യുടെയും ‘കേരള സഭ’യുടെയും സെപ്‌തംബർ ലക്കത്തിലാണ്‌ കേന്ദ്രത്തിനെതിരെ കടുത്ത വിമർശനമുയർന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home