ജാതി അധിക്ഷേപം നേരിട്ടതായി ബന്ധുക്കൾ
മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: വകുപ്പുമേധാവിയെയും അധ്യാപികയെയും സസ്‌പെൻഡ് ചെയ്തു

(അഞ്ചരക്കണ്ടി)കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർക്കെതിരെ പരാതിയുമായി ബന്ധുക്കൾ. തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി ആർ എൽ നിധിൻരാജാണ് വെള്ളിയാഴ്‌ച ആത്മഹത്യചെയ്‌തത്. നിധിൻരാജ് ജാതി അധിക്ഷേപം നേരിട്ടതായി സഹോദരിമാരെ വിളിച്ച് അറിയിച്ചതായും കോളേജിൽനിന്ന് നിറത്തിന്റെ പേരിൽ അവഹേളനം നേരിട്ടതായും ബന്ധുക്കൾ ആരോപിച്ചു.
അധ്യാപകർക്കെതിരെ പരാതി ഉയർന്നതിനെ തുടർന്ന് ആരോപണവിധേയരായ വകുപ്പ് മേധാവി ഡോ. റാം, ഡോ. സംഗീത എന്നിവരെ മെഡിക്കൽ കോളേജ് മാനേജ്മെന്റ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.ചക്കരക്കൽ പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി സിഐ അറിയിച്ചു. രണ്ട് അധ്യാപകരിൽനിന്ന് പട്ടികജാതിക്കാരനായ നിധിൻരാജ് നിരന്തരം ജാതി അവഹേളനം നേരിട്ടിരുന്നതായി സഹപാഠികൾ വെളിപ്പെടുത്തിയിട്ടുണ്ട്. കോളേജിൽനിന്ന് നിരന്തരം അപമാനം നേരിടുന്നതായി നിധിൻരാജ് വീട്ടുകാരെ അറിയിച്ചിരുന്നു.
വകുപ്പുമേധാവിയായ ഡോ. റാം, നിധിൻരാജിനെ തെരുവുപട്ടിയെന്ന് ആക്ഷേപിച്ചതായും താൻ പോയി ചത്തോളൂവെന്ന് ആക്രോശിച്ചതായും ബന്ധുക്കൾ പറഞ്ഞു. സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തതായും പറയപ്പെടുന്നു. കഴിഞ്ഞ നവംബറിലാണ് നിധിൻരാജ് ഇവിടെ ബിഡിഎസ് പ്രവേശനം നേടിയത്. വെള്ളിയാഴ്‌ച പകൽ ഒന്നേമുക്കാലിനാണ് കെട്ടിടത്തിൽ നിന്ന് ചാടിയനിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. നിധിൻരാജിന്റെ സഹോദരി ഭർത്താവ് അശോക് ഉൾപ്പെടെയുള്ളവർ എത്തിയാണ് കോളേജ് അധികൃതർക്കെതിരെ പരാതി നൽകിയത്.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയും ഡിവൈഎഫ്ഐ അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയും ആവശ്യപ്പെട്ടു.










0 comments