അതിജീവിതയുടെ തിരിച്ചറിയൽ വിവരം പുറത്തുവിട്ട കേസ്; സന്ദീപ് വാര്യർക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പീഡനത്തിന് ഇരയായ അതിജീവിതയുടെ തിരിച്ചറിയൽ വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസിൽ സന്ദീപ് വാര്യർക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. അന്വേഷണത്തോട് സഹകരിക്കണമെന്ന് കേസിൽ നാലാം പ്രതിയായ സന്ദീപ് വാര്യരോട് കോടതി പറഞ്ഞു.
ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിതാ പുളിക്കനാണ് ഒന്നാം പ്രതി. അഞ്ചാം പ്രതി രാഹുൽ ഈശ്വറാണ് ആദ്യം അറസ്റ്റിലായത്. അതിജീവിതയുടെ ചിത്രം സന്ദീപിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷം സന്ദീപ് ചിത്രം നീക്കം ചെയ്തത് ആസൂത്രിതമാണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് സൈബർ ടീമുകൾ സന്ദീപിന്റെ അക്കൗണ്ടിൽ കയറി ചിത്രം കൈക്കലാക്കിയതും പെൺകുട്ടിക്ക് നേരെയുള്ള സൈബർ ആക്രമണത്തിന് കാരണമായി.
അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.










0 comments