വ്യാജരേഖ ചമച്ച് വീടും വസ്തുവും തട്ടിയ കേസ്; വ്യവസായി അനിൽ തമ്പിക്കായി കേരളത്തിന് പുറത്തും തിരച്ചിൽ

തിരുവനന്തപുരം : വ്യാജരേഖ ചമച്ച് ജവഹർ നഗറിലെ നാലരക്കോടിയോളം വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത കേസിൽ വ്യവസായി അനിൽ തമ്പിക്കായി കേരളത്തിന് പുറത്തും തിരച്ചിൽ നടത്തി പൊലീസ്. കോൺഗ്രസ് ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാൾ പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുന്നതായാണ് വിവരം.
ഒരു തവണ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. കോൺഗ്രസ് നേതാവായ അനന്തപുരി മണികണ്ഠന്റെ സഹായത്തോടെ തട്ടിപ്പ് നടത്തിയതിലെ മുഖ്യകണ്ണിയാണ് ജവഹർനഗറിൽ താമസിക്കുന്ന വ്യവസായി അനിൽ തമ്പി.
വസ്തു വാങ്ങിയ ചന്ദ്രസേനന്റെ മകളുടെ ഭർത്താവാണിയാൾ. പ്രമാണത്തിൽ സാക്ഷിയായി ഒപ്പിട്ടതും ഇയാളാണ്.
കേസിലെ പ്രതിയായ ചന്ദ്രസേനനെ ചോദ്യം ചെയ്‌തപ്പോൾ അനിൽ തമ്പിയാണ് വസ്തു വാങ്ങിയതെന്നാണ് മൊഴി നൽകിയത്. എന്നാൽ വസ്തുവിന്റെ പ്രമാണം ഹാജരാക്കാൻ പൊലീസ് പറഞ്ഞെങ്കിലും ഇവർ തയ്യാറായിട്ടില്ല.
കോൺഗ്രസ് നേതാക്കളുമായി ബന്ധമുള്ള അനിൽ തമ്പി അതു വഴിയാണ് മണികണ്ഠനെയും പരിചയപ്പെടുന്നത്. അനിലിന്റെ അക്കൗണ്ടിൽ നിന്ന് മണികണ്ഠന് രണ്ട് തവണയായി 80 ലക്ഷം രൂപ അയച്ചുകൊടുത്തതിന്റെ തെളിവുകളും കണ്ടെത്തി. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു. സബ് രജിസ്ട്രാർ ഓഫീസിലെ ചില ജീവനക്കാർക്കടക്കം ഇതിൽ പങ്കുള്ളതായാണ് വിവരം.








0 comments