ആലപ്പുഴയിൽ ഫയർഫോഴ്സിന് വഴി നൽകിയില്ല; കാർ ഉടമയ്ക്കെതിരെ കേസെടുത്തു, വാഹനം കസ്റ്റഡിയിൽ

ഫയർഫോഴ്സ് വാഹനത്തിന്റെ വഴി തടഞ്ഞ് പോകുന്ന കാർ
ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിലുണ്ടായ കനത്ത തീപിടുത്തത്തിൽ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ട ഫയർഫോഴ്സ് വാഹനത്തിന് വഴി നൽകാതെ തടസ്സമുണ്ടാക്കിയ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കുത്തിയതോട് കോടന്തുരുത്ത് സ്വദേശി സുജിത്തിനെതിരെയാണ് പട്ടണക്കാട് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ചൊവ്വാഴ്ച രാവിലെ 10:30-ഓടെ ആലപ്പുഴയിൽ നിന്ന് രക്ഷാപ്രവർത്തനത്തിനായി അതിവേഗം വന്ന ഫയർഫോഴ്സ് യൂണിറ്റിനെയാണ് കാർ തടസ്സപ്പെടുത്തിയത്. ചേർത്തലയ്ക്കും പട്ടണക്കാടിനും ഇടയിലുള്ള സർവീസ് റോഡിൽ വെച്ച് പലതവണ സൈറൺ മുഴക്കിയിട്ടും കാർ വഴിമാറിക്കൊടുക്കാൻ തയ്യാറായില്ല.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും എമർജൻസി വാഹനത്തിന്റെ വഴി തടസ്സപ്പെടുത്തിയതിനും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ് കേസ്. സുജിത്തിന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ്.എച്ച്.ഒ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
ആശുപത്രിയിലെ മരുന്നുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെയും പ്രസവ വാർഡിലെ സ്ത്രീകളെയും ഉൾപ്പെടെ 200-ഓളം പേരെ അതിവേഗം ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
തീപിടുത്തം ഉണ്ടായ സമയത്ത് ലേബർ റൂമിലുണ്ടായിരുന്ന യുവതിയെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് അവർ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.










0 comments