പാറമേക്കാവിന്റെ പടക്കനിർമ്മാണശാല സീൽ ചെയ്തു; ഉടമയ്ക്കെതിരെ കേസ്, വെടിമരുന്ന് ശേഖരം കണ്ടെത്തി

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം
പാലക്കാട്: പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിർമ്മാണശാലയിൽ അനുവദനീയമായതിലും അധികം വെടിമരുന്ന് സൂക്ഷിച്ച സംഭവത്തിൽ ലൈസൻസി ബിനോയ് ജേക്കബിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. മുതലമട വെള്ളാരംകടവിലെ നിർമ്മാണശാല നിലവിൽ പൊലീസ് സീൽ ചെയ്തിരിക്കുകയാണ്.
ചിറ്റൂർ തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 50 കിലോ വെടിമരുന്ന് സൂക്ഷിക്കാൻ മാത്രമാണ് നിലവിൽ ബിനോയിക്ക് അനുമതിയുള്ളത്. എന്നാൽ പരിശോധനയിൽ 500 കിലോയിലധികം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പാറമേക്കാവ് ദേവസ്വത്തിന് വേണ്ടിയുള്ള വെടിക്കെട്ട് സാമഗ്രികൾ ഇവിടെയാണ് നിർമ്മിച്ചിരുന്നത്. നിലവിൽ കണ്ടെത്തിയ വെടിമരുന്ന് കോടതിയുടെ നിർദേശപ്രകാരം നിർവീര്യമാക്കുമെന്ന് പാലക്കാട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി അറിയിച്ചു. രാവിലെ തന്നെ നിർമ്മാണശാലയ്ക്ക് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
അതേസമയം, തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടം കടുത്ത ചൂട് മൂലമല്ലെന്നും അളവിൽ കൂടുതൽ കരിമരുന്ന് കൈകാര്യം ചെയ്തതിനാലാണെന്നുമാണ് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) പ്രാഥമിക വിലയിരുത്തൽ. നിർമ്മാണ പ്രവർത്തനങ്ങളിൽ പരിചയക്കുറവുള്ളവർ പങ്കാളികളായതും ദുരന്തത്തിന്റെ ആഘാതം കൂട്ടിയിട്ടുണ്ടാകാമെന്ന് അധികൃതർ സംശയിക്കുന്നു.










0 comments