അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ വിജിലൻസ് കേസ്

തൃശ്ശൂർ: വടക്കാഞ്ചേരി സ്വദേശിയും തൃശ്ശൂർ ആർടിഒ എൻഫോഴ്സ്മെന്റിലെ അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ ബെറിൽ എ ഇസഡ്നെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് വിജിലൻസ് കേസ്സ് രജിസ്റ്റർ ചെയ്തു. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ സബ് ആർടി ഓഫീസിലെ അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന സമയം വാഹനങ്ങളുടെ റീ-റജിസ്ട്രേഷൻ, പെർമിറ്റ് തുടങ്ങിയ സേവനങ്ങൾക്കായി വരുന്നവരിൽ നിന്നും ഏജന്റുമാരെ വച്ച് ബെറിൽ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
2023 ഡിസംബർ ഏഴിന് ഗുരുവായൂർ സബ് ആർടി ഓഫീസിൽ വിജിലൻസ് ഒരു മിന്നൽ പരിശോധന നടത്തുകയും പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ബെറിൽനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് ഒരു പ്രാഥമികാന്വേഷണം നടത്തുകയും അതിൽ ബെറിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിരുന്നതായി തെളിയുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബെറിലിന്റെ തൃശ്ശൂർ വടക്കാഞ്ചേരി മുണ്ടത്തിക്കോടുള്ള വസതിയിൽ ഇന്ന് വിജിലൻസ് പരിശോധന നടത്തി. സെർച്ചിൽ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിവിധ രേഖകളും 1,08,800- രൂപയയും പിടിച്ചെടുത്തിട്ടുണ്ട്.









0 comments