ജാഗ്രതയോടെ കേരളം; രക്ഷാപ്രവർത്തനത്തിന് നാവിക, തീരസംരക്ഷണ സേനകൾ

കോഴിക്കോട് : സിംഗപ്പുർ ചരക്കുകപ്പൽ കത്തിയതിനുപിന്നാലെ ജാഗ്രതയോടെ രക്ഷാപ്രവർത്തന സന്നദ്ധതയുമായി കേരളം. അപകടത്തിൽപ്പെട്ട കപ്പൽ ജീവനക്കാരെ കൊച്ചിയിലോ കോഴിക്കോട്ടോ എത്തിക്കുമെന്ന് പ്രാഥമിക വിവരം ലഭിച്ച സാഹചര്യത്തിൽ കോഴിക്കോട്, എറണാകുളം കലക്ടർമാർക്ക് സർക്കാർ ജാഗ്രതാ നിർദേശം നൽകി.
ചികിത്സയ്‌ക്കാവശ്യമായ സൗകര്യം ഏർപ്പെടുത്താനായിരുന്നു സർക്കാർ നിർദേശം.
എലത്തൂർ, ബേപ്പൂർ, വടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട് സിറ്റി, റൂറൽ പൊലീസ് സ്റ്റേഷനുകളിലേക്കും പോർട്ട് ഓഫീസർ ഫിഷറീസ്, കോഴിക്കോട്, കൊയിലാണ്ടി, വടകര ടിഇഒസികളിലേക്കും ജാഗ്രതാ നിർദേശം നൽകിയിരുന്നു. ആരോഗ്യ വകുപ്പിനും നിർദേശം നൽകി.
തീരസംരക്ഷണ സേനയുടെ ഒരു കപ്പൽ ബേപ്പൂർ തുറമുഖത്തുനിന്ന് സംഭവസ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ കോഴിക്കോട്ട് എത്തിക്കുമെന്ന് കരുതിയതിനാൽ ബേപ്പൂർ തുറമുഖത്ത് എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. പുറംകടലിൽനിന്ന് കപ്പൽ ജീവനക്കാരെ തുറമുഖത്തേക്ക് കൊണ്ടുവരാനായി ടഗ്ഗുകളും ഏർപ്പെടുത്തിയിരുന്നതായി ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുതവാര്യർ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് നാവിക, തീരസംരക്ഷണ സേനകൾ
കൊച്ചി
: കേരള സമുദ്രാതിർത്തിയിൽ തീപിടിച്ച ചരക്കുകപ്പലിൽ രക്ഷാപ്രവർത്തനത്തിന് കൈകോർത്ത് നാവിക, തീരസംരക്ഷണ സേനകൾ. കപ്പൽ ജീവനക്കാരിൽ 18 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്നും തീ നിയന്ത്രിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും തീരസംരക്ഷണസേന വാർത്താക്കുറിപ്പിൽ അറിയിച്ചു.
തീരസംരക്ഷണസേനയുടെ മുംബൈ മാരിടൈം റസ്‌ക്യു കോ–-ഓർഡിനേഷൻ സെന്ററിന്റെ നിർദേശപ്രകാരം എംവി വൺ മാർവൽ എന്ന ചരക്കുകപ്പലാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്.
തീരസംരക്ഷണസേനയുടെ കപ്പലുകളായ സചേത്, അർണവേശ്, സമുദ്രപ്രഹ്‌രി, അഭിനവ്, രാജ്ദൂത് എന്നിവയും നാവികസേനയുടെ അടക്കം രണ്ട് ഡോണിയർ വിമാനവും രക്ഷാപ്രവർത്തനത്തിനുണ്ട്. ഐഎൻഎസ് സൂറത്തും പങ്കാളിയായി. ഐഎൻഎസ് ഗരുഡയെയും രക്ഷാപ്രവർത്തനത്തിന് എത്തിക്കും.
കത്തുന്ന ദ്രാവകങ്ങളും കപ്പലിൽ
കോഴിക്കോട്
: കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വാൻഹായ് 503 ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നത് അപകടകരമായ വസ്തുക്കൾ. ആസിഡ്, വെടിമരുന്ന്, ലിഥിയം ബാറ്ററി തുടങ്ങിയവ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. കസ്റ്റംസിന്റെയും ഷിപ്പിങ് കമ്പനിയുടെയും കൈവശമുള്ള പട്ടിക പിന്നാലെ പുറത്തുവിടും.
കപ്പലുകളിൽ കൊണ്ടുപോകുന്ന അപകടകരമായ വസ്തുക്കളെ ഒമ്പത് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇതിൽ 3, 4.1, 4.2, 6.1 വിഭാഗങ്ങളിലുള്ള വസ്തുക്കളാണ് വാൻഹായ് 503ൽ ഉണ്ടായിരുന്നത്. തീപിടിപ്പിച്ചാൽ കത്തുന്ന ദ്രാവകങ്ങളാണ് ക്ലാസ് മൂന്നിൽ. ഘർഷണത്തിൽ സ്വയം തീപിടിക്കാവുന്നവയാണ് 4.1ൽ ഉൾപ്പെടുന്നത്. വായുസ്പർശമുണ്ടായാലോ കത്തിച്ചാലോ അതിവേഗം തീപിടിക്കുന്നവയാണ് 4.2 വിഭാഗത്തിലുൾപ്പെടുന്നത്. ശ്വസിച്ചാലോ സ്പർശിച്ചാലോ ഹാനികരമാവുന്നവയാണ് ക്ലാസ് 6.1ൽ ഉൾപ്പെടുന്നത്.








0 comments