കാർ ഇടിച്ച് പരിക്കേൽപ്പിച്ച സംഭവം: പ്രതികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ജനറൽ ആശുപത്രിക്കുസമീപം അമിതവേഗത്തിലെത്തിയ കാർ കാൽനടയാത്രക്കാരെയും ഓട്ടോ ഡ്രൈവർമാരെയും ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ രണ്ടുപേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനമോടിച്ച വട്ടിയൂർക്കാവ് സ്വദേശി എ കെ വിഷ്ണുനാഥ്, ഡ്രൈവിങ് പരിശീലനം നൽകിയ ഇയാളുടെ അമ്മാവൻ കെ വിജയൻ എന്നിവരുടെ ലൈസൻസുകളാണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇരുവരെയും എടപ്പാളിലെ ഡ്രൈവിങ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിന് അയക്കാനും ഉത്തരവിട്ടു. തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് ആർടിഒയാണ് നടപടി എടുത്തത്.
നിസാര പരിക്കേറ്റ ഇവരെ ചികിത്സയ്ക്കുശേഷം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. രണ്ടുപേരെയും തിങ്കളാഴ്ച ജാമ്യംനൽകി വിട്ടയക്കുകയും ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി എന്നാണ് കേസ്. ഞായർ പകൽ 12.15നാണ് കാർ കാൽനടയാത്രക്കാരെയും ഓട്ടോ ഡ്രൈവർമാരെയും ഇടിച്ചുതെറിപ്പിച്ചത്.
ഓട്ടോ തൊഴിലാളികളായ പേട്ട സ്വദേശിയും അഴിക്കോട് താമസക്കാരനുമായ ഷാഫി (38), കണ്ണമ്മൂല സ്വദേശിയും കുറ്റിച്ചൽ താമസക്കാരനുമായ സുരേന്ദ്രൻ (50), പേട്ട സ്വദേശിയും അയിരൂപ്പാറ താമസക്കാരനുമായ കുമാർ (42), കാൽനടയാത്രക്കാരും വള്ളക്കടവ് സ്വദേശികളുമായ ശ്രീപ്രിയ, ആഞ്ജനേയൻ എന്നിവർക്കാണ് പരിക്കേറ്റത്. ജനറൽ ആശുപത്രി കവാടത്തിനുമുന്നിലേക്ക് അമിതവേഗത്തിലെത്തിയ കാർ ആഞ്ജനേയനെയും ശ്രീപ്രിയയെയും ഇടിച്ചുതെറിപ്പിച്ചശേഷം നടപ്പാതയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.










0 comments