പാലക്കാട്: കാറിന് തീ പിടിച്ചു; അഞ്ച് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

തീ പിടിത്തത്തിൽ പൂർണമായും കത്തിയ കാർ
പാലക്കാട്: പൊൽപ്പുള്ളി അത്തിക്കോട് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പിടിച്ച് കുട്ടികളടക്കം അഞ്ച് പേർക്ക് പൊള്ളലേറ്റു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്.പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിൻ്റെ ഭാര്യ എൽസി മാർട്ടിൻ (37), മക്കളായ അലീന (10), ആൽഫിൻ (6), എമിലി (4), കുട്ടികളുടെ മുത്തശ്ശി ഡെയ്‌സി (65) എന്നിവർക്കാണ് പൊള്ളലേറ്റത്.
വെള്ളി വൈകീട്ട് അഞ്ചിനാണ് സംഭവം.പാലന ആശുപത്രിയിലെ നഴ്സായ എൽസി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മക്കളുമായി പുറത്തിറങ്ങുന്ന സമയത്താണ് അപകടം. വാഹനം സ്റ്റാർട്ട് ആക്കിയ സമയം പെട്രോൾ ടാങ്കിൻ്റെ ഭാഗത്ത് നിന്നും തീ പിടിക്കുകയായിരുന്നു.ഉടൻ തന്നെ എൽസി രണ്ട് മക്കളെ താഴെ വലിച്ചിട്ടെങ്കിലും ഇതിനകം തീ ആളിപടർന്നു. ഇവരെ രക്ഷിക്കാനായി ഓടിയെത്തുന്നതിനിടെയാണ് മുത്തശ്ശിക്ക് പൊള്ളലേറ്റത്.
കാറിൻ്റെ ഡോർ അടഞ്ഞത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി.ബഹളം കേട്ടെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീയണച്ച് ഇവരെ പുറത്തെടുത്ത് ആംബുലൻസിൽ പാലന ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. ആൽഫിൻ, എമിലി എന്നിവരുടെ പരിക്ക് ഗുരുതരമാണ്.
അട്ടപ്പാടി സ്വദേശിയായ എൽസി നാല് വർഷം മുൻപാണ് അത്തികോട് താമസിക്കാനായി എത്തിയത്. ഇവരുടെ ഭർത്താവ് മാർട്ടിൻ ഒന്നര മാസം മുൻപ് അസുഖ ബാധിതനായി മരണപ്പെട്ടിരുന്നു.പൊള്ളലേറ്റ കുട്ടികൾ പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിലെ വിദ്യാർഥികളാണ്.ചിറ്റൂർ പൊലീസും കഞ്ചിക്കോട് അഗ്നിരക്ഷ സേനയും സംഭവ സ്ഥലത്തെത്തി.










0 comments