Deshabhimani

print edition കാപെക്‌സ്‌ സ്‌മാർട്ട് മീറ്റർ രണ്ടാംഘട്ടം; അനുമതി വൈകിക്കുന്നത്‌ 
അദാനിക്ക്‌ വേണ്ടി

Adani VD
വെബ് ഡെസ്ക്

Published on Nov 11, 2026, 01:22 AM | 1 min read

തിരുവനന്തപുരം : വൈദ്യുതി സ്‌മാർട്ട്‌ മീറ്റർ പദ്ധതിക്കുവേണ്ടി എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്ന കാപെക്സ്‌ (ക്യാപിറ്റൽ എക്സ്‌പെൻഡിച്ചർ) മോഡൽ അദാനി കന്പനിക്കുവേണ്ടി അട്ടിമറിക്കാൻ നീക്കം. ലേലനടപടി പൂർത്തിയായിട്ടും കരാർ നൽകാതെ നീട്ടിക്കൊണ്ടുപോകുന്നത്‌ അദാനി എനർജി സൊല്യൂഷൻസിനുവേണ്ടിയാണ്‌ എന്നാണ്‌ ആക്ഷേപം. കാലതാമസമുണ്ടാക്കി ടെണ്ടർ റദ്ദാക്കലാണ്‌ സർക്കാരിന്റെ ലക്ഷ്യം.


ഏറ്റവും ചെലവ് കുറഞ്ഞതും വൈദ്യുതി ബോർഡിനെ പൊതുമേഖലയിൽ സംരക്ഷിക്കുന്നതുമാണ്‌ കാപെക്‌സ്‌ മോഡൽ. സ്‌മാർട്‌ മീറ്റർ സ്ഥാപിക്കുന്നതും പരിപാലനവും ബിൽശേഖരണവും സ്വകാര്യ കന്പനിക്ക്‌ നൽകുന്നതുമായ ടോട്ടക്‌സ്‌ (ടോട്ടൽ എക്സ്‌പെൻഡിച്ചർ) പദ്ധതി നടപ്പാക്കണമെന്നതാണ്‌ കേന്ദ്രസർക്കാർ നിർദേശം. അദാനി എനർജി സൊല്യൂഷൻസിന്‌ താൽപ്പര്യം ഇ‍ൗ പദ്ധതിയോടാണ്‌. ചാർട്ടേഡ്‌ വിമാനത്തിൽ മംഗളൂരു യാത്ര നടത്തിയ വി ഡി സതീശൻ അദാനി ഗ്രൂപ്പ്‌ പ്രതിനിധികളുമായും എൻഡിഎ നേതാക്കളുമായും കൂടിക്കാഴ്‌ച നടത്തിയതിന്‌ പിന്നിൽ ഇത്തരം വഴിവിട്ട നീക്കങ്ങളുണ്ടെന്നാണ്‌ ആരോപണം.


കാപെക്‌സ്‌ മാതൃകയിൽ 50 ലക്ഷം കെഎസ്‌ഇബി സ്‌മാർട്‌ മീറ്റർ സ്ഥാപിക്കുന്നതിന്‌ രണ്ടാംഘട്ട പദ്ധതിക്കുള്ള ലേല നടപടികൾക്ക്‌ എൽഡിഎഫ്‌ സർക്കാർ തുടക്കമിട്ടിരുന്നു. ഗ്രിഡ്ക്രെസ്റ്റ് ടെക്‌നോളജീസാണ്‌ ഏറ്റവും കുറഞ്ഞ ബിഡ്‌ തുക ക്വാട്ട്‌ ചെയ്‌തത്‌, ജിഎസ്‌ടി അടക്കം 1651.75 കോടി രൂപ. അടങ്കൽ തുകയെക്കാൾ 41.29 ശതമാനം കുറവാണിത്‌. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്ക്‌. ലേലത്തിൽ പങ്കെടുത്ത 10 കന്പനികളിൽ ഏറ്റവും കൂടിയ തുക ക്വാട്ട്‌ ചെയ്‌തത്‌ അദാനി എനർജി സൊല്യൂഷൻസാണ്‌, 4210 കോടി രൂപ. സമയപരിധി അവസാനിക്കുംവരെ വലിച്ചിഴച്ച്‌ ലേലനടപടിതന്നെ റദ്ദാക്കാനും തുടർന്ന്‌ കാപക്‌സ്‌ പദ്ധതി അട്ടിമറിക്കാനുമാണ്‌ ഇപ്പോൾ അണിയറയിൽ നീക്കം നടക്കുന്നത്‌.ഡയറക്‌ടറുടെ അനുമതിയോടെ ചീഫ് എൻജിനീയർക്ക് അടങ്കൽ തുകയേക്കാൾ കുറഞ്ഞ തുക ക്വാട്ട്‌ ചെയ്‌ത കന്പനിക്ക്‌ കരാർ നൽകുന്നതിന്‌ തടസ്സമില്ല. ഇത്‌ മറികടന്നാണ്‌ ഉന്നത ഇടപെടലിൽ തീരുമാനം സർക്കാരിന്‌ വിട്ടത്‌. കെഎസ്‌ഇബി ലേലത്തിൽ പങ്കെടുത്ത കന്പനികളോട്‌ മൂന്നുമാസം ബിഡ് കാലാവധി നീട്ടിനൽകണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home