കഞ്ചാവ് വിൽപ്പന പൊലീസിലറിയിച്ചു: യുവാക്കളെ ലഹരി സംഘം വെട്ടി

കഴക്കൂട്ടം : ലഹരി വിൽപ്പന പോലീസിൽ അറിയിച്ചതിന് പിന്നാലെ ലഹരി സംഘം യുവാക്കളെ വെട്ടിപരിക്കേൽപ്പിച്ചു. കാട്ടായിക്കോണം പട്ടാരി രതീഷ് ഭവനിൽ രതീഷ് ( 31 ), സഹോദരൻ രജനീഷ് ( 30) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം.
രതീഷും രജനീഷും വീടിന് സമീപത്തായി പശു ഫാം നടത്തിവരികയാണ് ഫാമിന് അടുത്തായി ലഹരി സംഘം പതിവായി ലഹരി ഉപയോഗവും വിൽപ്പനയും നടത്തുന്നതായി അറിയുകയും തുടർന്ന് പോത്തൻകോട് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് അണ്ടൂർക്കോണം ക്ഷീര സംഘത്തിൽ പാൽ നൽകി തിരികെ വരുമ്പോൾ രജനീഷിനെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും അവിടെ നിന്നും രക്ഷപ്പെട്ട രജനീഷ് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു.
രതീഷും രജനീഷും പശു ഫാമിൽ മൂന്നരയോടെ എത്തിയപ്പോൾ എട്ടംഗ സംഘം അക്രമിക്കുകയായിരുന്നു. വാളു കൊണ്ടുള്ള വെട്ടിൽ രതീഷിന്റെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. തടയുവാൻ ചെന്ന അനുജൻ രജനീഷിനെ മൺവെട്ടിയും കല്ലുകൊണ്ടും ആക്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കന്യാകുളങ്ങര ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് പോലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു. എട്ട് പേര്‍ക്കെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ആക്രമണം നടക്കുന്നതിന്റെ തലേ ദിവസം രഞ്ജീഷ് ഫാമിലേക്കെത്തിയപ്പോൾ സമീപത്തായി ഒരാൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി. ആ സമയം ആക്രമി സംഘത്തിലെ എട്ടുപേരും പ്രദേശത്തുണ്ടായിരുന്നു. ലഹരി ഉപയോഗിക്കുന്ന വിവരം രജനീഷ് ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ എട്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് രതീഷിനെയും രജനീഷിനെയും ഇവര്‍ ആക്രമിച്ചത്.









0 comments