ad
Deshabhimani

print edition ഉയിർപ്പിന്റെ പൂവിളി; ട‍ൗൺഷിപ്പിൽ ആദ്യഓണം

wayanad township onam.jpg

പുതുജീവിതപ്പൂക്കൾ... മുണ്ടക്കൈ ഉരുൾ ദുരന്തത്തിൽ അമ്മാരുടെ ഗർഭപാത്രത്തിലായിരുന്ന നവന്യയും ഋതുവും കൽപ്പറ്റയിലെ മുണ്ടക്കൈ 
ട‍ൗൺഷിപ്പിൽ അമ്മമാരായ പ്രജിതയ്‌ക്കും സിന്ധുവിനുമൊപ്പം /ഫോട്ടോ: എം എ ശിവപ്രസാദ്

വെബ് ഡെസ്ക്

Published on Aug 26, 2026, 01:30 AM | 1 min read

അജ്‌നാസ്‌ അഹമ്മദ്‌


കൽപ്പറ്റ: പൂവഴകായി ഋതുവും നവന്യയും ഘനശ്യാമും. പുതിയ പുഞ്ചിരിമട്ടത്തിവർ ചിറകടിക്കുന്പോൾ ദുരന്തബാധിതരുടെ ഹൃദയങ്ങളിലും പൂക്കളങ്ങൾ വിടരുന്നു. ഇ‍ൗ പൂന്പാറ്റകളുടെ കളിചിരികളിലാണ്‌ ട‍ൗൺഷിപ്പിലെ ഓണോത്സവം. രണ്ടുവർഷത്തെ അതിജീവനയാത്ര പിന്നിട്ട്‌ കൽപ്പറ്റയിലെ മുണ്ടക്കൈ ട‍ൗൺഷിപ്പിൽ ആദ്യ തിരുവോണമാണ്‌ ബുധനാഴ്‌ച. ഉരുൾദുരന്തത്തിൽ ചിന്നിച്ചിതറിയവർ വീണ്ടും ഒന്നിച്ച്‌ ഓണമുണ്ണുന്നു. ദുരന്ത ഓർമകളെ വകഞ്ഞുള്ള യാത്രയിൽ പിറന്ന കുരുന്നുകൾക്കൊപ്പം സിന്ധുവും പ്രജിതയും ഝാൻസിയും ഉയിർപ്പിന്റെ പൂക്കളമൊരുക്കുകയാണ്‌.


രണ്ട്‌ പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ പൊന്നോമനയെ ഗർഭപാത്രത്തിൽ ചുമന്ന്‌ ഉരുൾമൂടിയ ചൂരൽമലയ്‌ക്കുള്ളിൽനിന്ന്‌ രക്ഷപ്പെടാനാകുമോയെന്ന ഭയമായിരുന്നു സിന്ധുവിന്‌. ചൂരൽമല പാലത്തോടുചേർന്ന്‌ കുടുംബം താമസിച്ച ലയം (എസ്‌റ്റേറ്റ്‌ പാടി) പൂർണമായും ഉരുളെടുത്തു. അതിനുമുന്പ്‌ വില്ലേജ്‌ റോഡിലെ ബന്ധുവീട്ടിലേക്ക്‌ മാറിയതുകൊണ്ടാണ്‌ ജീവൻ ബാക്കിയായത്‌. പാടിയിൽനിന്ന്‌ മാറി മണിക്കൂറുകൾക്കകം പ്രദേശം ഉരുൾ കൊണ്ടുപോയി. മൃതദേഹങ്ങളും കല്ലും മണ്ണും പാറക്കൂട്ടങ്ങളും നിറഞ്ഞ്‌ വില്ലേജ്‌ റോഡും ഒറ്റപ്പെട്ടു. ചെളിയിൽ പുതഞ്ഞ മൃതദേഹങ്ങൾക്കരികിലൂടെ രക്ഷാപ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുന്പോൾ കുട്ടിക്ക്‌ അനക്കമില്ലായിരുന്നു. അടിയന്തര ചികിത്സ ലഭിച്ചതാണ്‌ രക്ഷയായത്‌. പിന്നീട്‌ ഋതു പിറന്നു. സ്വപ്‌നത്തിൽപോലും ആഗ്രഹിക്കാത്ത വീട്‌ എൽഡിഎഫ്‌ സർക്കാർ സമ്മാനിച്ചുവെന്ന്‌ സിന്ധു പറയുന്നു.


ദുരന്തത്തിൽ പൊലിഞ്ഞ മൂത്തമകൾ അഹന്യയുടെ ഓർമകൾ ഉള്ളിലൊതുക്കി ഒരുവയസ്സുകാരി നവന്യയുടെ കുഞ്ഞിക്കൈ പിടിച്ചാണ്‌ പ്രജിതയും കുടുംബവും മൂന്നുമാസം മുമ്പ്‌ ട‍ൗൺഷിപ്പിലെ വീടിന്റെ പടികയറിയത്‌. പുന്നപ്പുഴ മരണപ്പുഴയായി ഒഴുകിയ അർധരാത്രി പ്രജിതയുടെ ഉദരത്തിൽ രണ്ടുമാസക്കാരിയായിരുന്നു നവന്യ. പ്രജിതയെ കഴുത്തോളം മുക്കിയ ഉരുൾ എട്ടുവയസ്സുകാരിയായ മൂത്തമകൾ അഹന്യയുടെ ജീവനെടുത്തു. ഗുരുതര പരിക്കേറ്റ പ്രജിത ഒന്നിലധികം ശസ്‌ത്രക്രിയകൾക്കുശേഷമാണ്‌ ജീവിതത്തിലേക്ക്‌ തിരികെയെത്തിയത്‌. ദുരന്തത്തെ അതിജീവിച്ച്‌ പിറന്ന നവന്യ ട‍ൗൺഷിപ്പിലെ വീട്ടുമുറ്റത്തിന്ന്‌ പിച്ചവയ്‌ക്കുന്നു.


ഓമനിച്ച്‌ കൊതിതീരും മുമ്പായിരുന്നു രണ്ടരവയസുള്ള മകൻ ശ്രീനിഹാലിനെ ഝാൻസിക്ക്‌ നഷ്ടമായത്‌. ഭർത്താവ്‌ അനിൽകുമാറിന്റെ അമ്മ ലീലയും ഉരുളിൽ പൊലിഞ്ഞു. പരിക്കേറ്റ അനിൽ മാസങ്ങൾ കിടപ്പിലായി. കുഞ്ഞുപോയ വേദന അമ്മയ്‌ക്ക്‌ താങ്ങാനായില്ല. യാഥാർഥ്യമുൾക്കൊള്ളാൻ മാസങ്ങളെടുത്തു. കൗൺസലിങ്ങിലൂടെയാണ്‌ മുന്നോട്ടുപോയത്‌. ഒരുവയസ്സിലേക്ക്‌ കടക്കുന്ന ഘനശ്യാമിന്റെ പിറവിയോടെയാണ്‌ ദമ്പതികൾ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നത്‌. ദുരന്ത പുനരധിവാസത്തിന്റെ ലോക മാതൃകയായി എൽഡിഎഫ്‌ സർക്കാർ തീർത്ത ട‍ൗൺഷിപ്പിൽ ഓണത്തിന്‌ അതിജീവനത്തിന്റെ പൂവിളികളാണെങ്ങും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home