ad
Deshabhimani

print edition കലിക്കറ്റ് വിസി നിയമനം ; അപേക്ഷ ക്ഷണിക്കാൻ ചാൻസലർക്ക് അധികാരമുണ്ടോയെന്ന് ഹെെക്കോടതി

thanthra vidya peedam
വെബ് ഡെസ്ക്

Published on Jan 20, 2026, 01:41 AM | 1 min read


കൊച്ചി

കലിക്കറ്റ് വിസി നിയമനത്തിന് അപേക്ഷ ക്ഷണിക്കാൻ നിയമപരമായി അധികാരമുണ്ടെങ്കിൽ ബോധ്യപ്പെടുത്തണമെന്ന് ചാൻസലർകൂടിയായ ഗവർണറോട് ഹൈക്കോടതി. സർക്കാരിനാണ് ഇതിനുള്ള അവകാശമെന്ന് അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് വാദത്തിനിടെ ഉന്നയിച്ചപ്പോഴാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം ആവശ്യപ്പെട്ടത്‌. വിസിയെ നിയമിക്കാൻ ചാൻസലർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയാണ് പരിഗണിച്ചത്.


വിസി നിയമനവുമായി ബന്ധപ്പെട്ട് അപേക്ഷ ക്ഷണിച്ച് യോഗ്യത പരിശോധിച്ച് ലഭ്യമായ അപേക്ഷകൾ സെർച്ച് കമ്മിറ്റിക്ക് സമർപ്പിക്കാനുള്ള അധികാരം ഉന്നത വിദ്യാഭ്യാസ വകുപ്പിനാണെന്നിരിക്കെ, ചാൻസലറുടെ വിജ്ഞാപനം നിലനിൽക്കില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. നിയമന അധികാരമാണ് ചാൻസലർക്കുള്ളതെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാനും വിസിയെ നിയമിക്കാനും അധികാരമുണ്ടാകാമെങ്കിലും നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കാൻ ചാൻസലർക്ക്‌ അധികാരമുണ്ടോയൊന്ന് കോടതി വാക്കാൽ ചോദിച്ചത്.


കേരളത്തിനുപുറത്ത് ചാൻസലർമാർക്കാണ് ഈ അധികാരമെന്നായിരുന്നു ചാൻസലറുടെ വാദം. ഹർജി വീണ്ടും 27ന് പരിഗണിക്കും. കക്ഷിചേരാൻ സിൻഡിക്കറ്റംഗം നൽകിയ ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാരും ചാൻസലറും സമയം തേടി. ഹർജിയിലെ തീർപ്പിന് വിധേയമായി അപേക്ഷകൾ സ്വീകരിക്കാൻ ഇടക്കാല ഉത്തരവിലൂടെ കോടതി നേരത്തേ നിർദേശിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home