ad
Deshabhimani

print edition വേണുഗോപാൽ–ചെന്നിത്തല സഖ്യം; സതീശനെ പൂട്ടാൻ അണിയറ നീക്കം

V D Satheesan Profile HD

വി ഡി സതീശൻ

avatar
സി കെ ദിനേശ്‌

Published on May 17, 2026, 12:40 AM | 1 min read

തിരുവനന്തപുരം: കോൺഗ്രസിലും യുഡിഎഫിലും രൂപംകൊള്ളുന്ന പ്രതിസന്ധിക്കുപുറമെ, വാഗ്ദാനങ്ങൾ നടപ്പാക്കണമെന്ന മുറവിളിയും വി ഡി സതീശൻ സർക്കാരിന്‌ പ്രധാന വെല്ലുവിളിയാകും. പാർടിയിലെ പിന്തുണ വേണ്ടത്ര ഇല്ലാഞ്ഞിട്ടും മുഖ്യമന്ത്രി പദത്തിലെത്തിയ വി ഡി സതീശൻ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ ഒട്ടേറെയാണ്‌.


വേണുഗോപാൽ–ചെന്നിത്തല വിഭാഗങ്ങളുടെ യോജിച്ച നീക്കം, വാഗ്ദാനങ്ങൾ നടപ്പാക്കൽ, ഒളിഞ്ഞും തെളിഞ്ഞും യുഡിഎഫിനെ പിന്തുണച്ച വർഗീയ ശക്തികളുടെ ഇടപെടൽ എന്നിവ കീറാമുട്ടിയാകും. എംഎൽഎമാർ വലിയതോതിൽ കയ്യിലുണ്ടായിട്ടും തഴയപ്പെട്ടതിൽ കെ സി വേണുഗോപാൽ വിഭാഗം കടുത്ത രോഷത്തിലാണ്‌. നിയമസഭാ കക്ഷിയിൽ കെ കരുണാകരനുണ്ടായിരുന്നതിനേക്കാൾ വലിയ പിന്തുണ വേണുഗോപാലിനുണ്ടെന്നും ജീവിച്ചിരിക്കുന്ന കോൺഗ്രസ്‌ നേതാക്കളിൽ ഏറ്റവും പ്രമുഖനാണെന്നും ആന്റോ ആന്റണിയടക്കമുള്ളവർ വിളിച്ചുപറഞ്ഞത്‌ രോഷപ്രകടനത്തിന്റെ ഭാഗമാണ്‌.


പുതിയ സാഹചര്യത്തിൽ എ വിഭാഗക്കാരോടൊപ്പം ചെന്നിത്തലയും വേണുഗോപാലുമായി സഹകരിക്കും എന്നുറപ്പാണ്‌. സതീശനും ചില ഘടകകക്ഷികളും ആസൂത്രിതമായി നടത്തിയ നീക്കത്തിൽ മലർത്തിയടിക്കപ്പെട്ട ഇവരെല്ലാം അമർഷത്തിലുമാണ്‌. സോണിയ കുടുംബത്തെ സ്വാധീനിച്ചതിൽ പുറമെനിന്നുള്ള ശക്തികളുടെ ഇടപെടലുണ്ടെന്ന വാർത്തകളും പുറത്തുവരുന്നു.


പ്രതിപക്ഷത്ത്‌ ഇരിക്കുമ്പോൾ വികസനത്തെ അന്ധമായി എതിർത്ത സതീശന്‌ ആ നിലപാട്‌ മുഖ്യമന്ത്രിപദത്തിലിരുന്ന്‌ തുടരാനാകില്ലെന്നതാണ്‌ മറ്റൊരു വെല്ലുവിളി. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങൾ നടപ്പാക്കാതിരിക്കാനാകില്ല. മുണ്ടുമുറുക്കി ഉടുക്കണമെന്ന്‌ മുതിർന്ന നേതാവായ എ കെ ആന്റണിയെക്കൊണ്ട്‌ പറയിപ്പിച്ചെങ്കിലും യുഡിഎഫിന്‌ വോട്ട്‌ ചെയ്തവർ അത്‌ അംഗീകരിക്കണമെന്നില്ല.

ആറായിരം കോടി രൂപ ഖജനാവിൽ ബാക്കിവച്ചാണ്‌ എൽഡിഎഫ്‌ അധികാരം ഒഴിഞ്ഞത്‌. യുഡിഎഫ്‌ ഉടനടി ഏറ്റെടുക്കേണ്ട ബാധ്യതകൾക്ക്‌ ഇതുപയോഗിച്ചാൽ, ഭരണത്തെ ബാധിച്ചേക്കാമെന്ന്‌ സാമ്പത്തിക വിദഗ്ധർ ഉപദേശിച്ചിട്ടുണ്ട്‌. അകത്തും പുറത്തുമുള്ള വെല്ലുവിളികളെ സർക്കാർ എങ്ങിനെ മറികടക്കും എന്നതാണ്‌ കേരളം ഉറ്റുനോക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home