print edition ഫിക്സഡ് ലൈൻ ഇന്റർനെറ്റ്: മുന്നിൽ ബിഎസ്എൻഎൽ

കൊല്ലം: രാജ്യത്തെ ഫിക്സഡ് ലൈൻ ഇന്റർനെറ്റ് വിപണിയിൽ സ്വകാര്യ കമ്പനികളെ അമ്പരപ്പിച്ച് പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). ഫ്രഞ്ച് നെറ്റ്‌വർക്ക് ടെസ്റ്റിങ് സ്ഥാപനമായ ‘എൻപെർഫ്' പുറത്തുവിട്ട 2025– -26 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം റിലയൻസ് ജിയോയെയും ഭാരതി എയർടെല്ലിനെയും പിന്നിലാക്കിയാണ് ബിഎസ്എൻഎൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇന്റർനെറ്റ് വേഗത, ലാറ്റൻസി, ബ്രൗസിങ് അനുഭവം എന്നിവയുടെ അടിസ്ഥാനത്തിൽ 89,174 പോയിന്റ് നേടിയാണ് ബിഎസ്എൻഎൽ ഈ നേട്ടം കൈവരിച്ചത്.
അഞ്ച് വർഷമായി സേവന നിലവാരത്തിൽ ബിഎസ്എൻഎൽ നടത്തുന്ന സ്ഥിരതയാർന്ന മുന്നേറ്റത്തിന്റെ ഫലമാണ് ഈ വിജയമെന്ന് റിപ്പോർട്ടിൽ പറയുന്നു. എയർടെൽ 74,975 പോയിന്റുമായി രണ്ടാമതും ജിയോ 73,957 പോയിന്റുമായി മൂന്നാമതുമാണ്. ബിഎസ്എൻഎല്ലിന്റെ ഡൗൺലോഡ് വേഗത മുൻ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർധിച്ച് സെക്കൻഡിൽ 78.5 എംബിപിഎസ് ആയി ഉയർന്നു. മറ്റുള്ളവയെക്കാൾ മികച്ച അപ്‌ലോഡ് വേഗതയും (75.26 എംബിപിഎസ്) ബിഎസ്എൻഎല്ലിനുണ്ട്. കൂടാതെ യൂട്യൂബ് സ്ട്രീമിങ്ങിലും മികച്ച പ്രകടനമാണ് പൊതുമേഖലാ സ്ഥാപനം കാഴ്ചവച്ചത്. ഫിക്സഡ് ലൈൻ വിപണിയിൽ ജിയോയ്ക്കും എയർടെല്ലിനും പിന്നിലായിരുന്ന ബിഎസ്എൻഎൽ, ഫൈബർ ഒപ്റ്റിക് സേവനങ്ങൾ വ്യാപിപ്പിച്ചത് വലിയ മാറ്റമുണ്ടാക്കി.
ജിയോയ്ക്ക് ഡൗൺലോഡ് വേഗതയിൽ നേരിയ മുൻതൂക്കമുണ്ടെങ്കിലും അപ്‌ലോഡ് വേഗതയിലും ലാറ്റൻസിയിലും പിന്നിലായത് തിരിച്ചടിയായി. ഇന്ത്യയിലെ വയർലൈൻ വിപണിയിൽ നിലവിൽ ജിയോയ്ക്ക് 31.36 ശതമാനവും എയർടെല്ലിന് 21.34 ശതമാനവും വിപണി പങ്കാളിത്തമുണ്ട്. 15.45 ശതമാനം വിപണി പങ്കാളിത്തമുള്ള ബിഎസ്എൻഎൽ സേവന നിലവാരത്തിൽ ഒന്നാമതെത്തിയത് വരുംനാളുകളിൽ ഉപയോക്താക്കളെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.










0 comments