'ശ്രീക്കുട്ടിക്ക് നേരെയുണ്ടായത് ക്രൂരമായ ആക്രമണം'; മഹിളാ അസോസിയേഷൻ നേതാക്കൾ കുടുംബത്തെ സന്ദർശിച്ചു

തിരുവനന്തപുരം: ട്രെയിനിൽനിന്ന് മദ്യപൻ തള്ളിയിട്ട ശ്രീക്കുട്ടിയുടെ കുടുംബത്തെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ശ്രീക്കുട്ടിക്ക് നേരെ ഉണ്ടായത് ക്രൂരമായ ആക്രമണമെന്നും ട്രെയിനിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ മഹിളാ അസോസിയേഷൻ കേന്ദ്ര റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്തയക്കുമെന്നും പി കെ ശ്രീമതി പറഞ്ഞു.
ശ്രീക്കുട്ടിക്ക് ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നത്. പ്രതിയെ ഉടനെ തന്നെ അറസ്റ്റ് ചെയ്തത് മികച്ച പ്രവർത്തനമാണ്. എന്നാൽ, ട്രെയിനിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം. സംസ്ഥാനത്തെ എംപിമാർ ഈ വിഷയം അടിയന്തരമായി റെയിൽവേ മന്ത്രിയെയും ബോർഡ് ചെയർമാന്റെയും ശ്രദ്ധയിൽകൊണ്ടുവരണം. ട്രെയിനിന്റെ ഓരോ ബോഗിയിലും രണ്ട് വനിത പ്രൊട്ടക്ഷൻ ഓഫീസർമാരെ നിയോഗിക്കാൻ റെയിൽവേ തയ്യാറാകണമെന്നും പി കെ ശ്രീമതി മാധ്യമങ്ങളോടു പറഞ്ഞു.
മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗം എം ജി മീനാംബിക, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് പുഷ്പലത, ജില്ലാ പ്രസിഡന്റ് ശകുന്തള, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സരിത ഷൗക്കത്തലി എന്നിവരും ഒപ്പമുണ്ടായിരുന്നു.
അതേസമയം ശ്രീക്കുട്ടിയു ആരോഗ്യനിലയിൽ മാറ്റമില്ല. ബ്രെയിൻസ്റ്റെമിനാണ് ഗുരുതര പരിക്കുള്ളത്. ഇത് നാഡീഞരമ്പുകളുടെ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. നിലവിൽ തുടർച്ചയായി സിടി സ്കാൻ എടുത്ത് പരിശോധിക്കുന്നുണ്ട്. എന്നാൽ, നാലുദിവസമായിട്ടും മാറ്റങ്ങളില്ല. ദ്രവരൂപത്തിൽ ഭക്ഷണം ട്യൂബിലൂടെയാണ് നൽകുന്നത്. അടുത്തദിവസം സിടി ആൻജിയോഗ്രാം ചെയ്യാനാണ് ഡോക്ടർമാരുടെ തീരുമാനം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിക്ക് ചെറിയ ചലനങ്ങളുണ്ടെന്നും ആശുപത്രി അറിയിച്ചു.








0 comments