ad
Deshabhimani

എംപി സ്ഥാനം ബിജെപിക്ക് ദാനം ചെയ്തവർ ഇടതുപക്ഷത്തെ പഠിപ്പിക്കേണ്ട; കെ സി വേണുഗോപാലിന് ബൃന്ദ കാരാട്ടിന്റെ മറുപടി

Brinda Karat.jpg
വെബ് ഡെസ്ക്

Published on Mar 27, 2026, 03:06 PM | 1 min read

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സ്വന്തം പാർട്ടിയുടെ എംപി സ്ഥാനം ബിജെപിക്ക് അടിയറവ് വെച്ചവരാണ് ഇടതുപക്ഷത്തിനെതിരെ 'ഡീൽ' ആരോപണവുമായി വരുന്നതെന്ന് ബൃന്ദ പരിഹസിച്ചു.


കേരളത്തിൽ സിപിഐഎം-ബിജെപി ചങ്ങാത്തമുണ്ടെന്ന വേണുഗോപാലിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അവർ. കാട്ടാക്കട മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഐ ബി സതീഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്. കോൺഗ്രസിന്റെ ബിജെപി പ്രീണനത്തിന് ചരിത്രപരമായ തെളിവുകളുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.


കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ 11 കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിക്ക് വേണ്ടി വോട്ട് ചെയ്തത്. ഇത് ആരെ സഹായിക്കാനായിരുന്നുവെന്ന് ബൃന്ദ ചോദിച്ചു. കേരളത്തിലെ ഒരു കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നത് കോൺഗ്രസ് വോട്ടുകൾ കുത്തനെ കുറഞ്ഞപ്പോഴാണെന്നും ആ വോട്ടുകൾ ബിജെപിക്ക് സമ്മാനിച്ചത് കോൺഗ്രസ് തന്നെയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.


നരേന്ദ്ര മോദിയും ആർഎസ്എസും ഇന്ത്യൻ ഭരണഘടനയെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. അവർക്ക് വഴികാട്ടി മനുസ്മൃതിയാണ്. രാജ്യത്തിന്റെ മതേതരത്വം തകർക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്നത് ഇടതുപക്ഷമാണെന്നും അവർ കൂട്ടിച്ചേർത്തു.


എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങളും സ്ത്രീ സുരക്ഷാ പദ്ധതികളും കേരളത്തിലെ ജനങ്ങൾക്കറിയാം. വികസനത്തുടർച്ചയ്ക്കായി ഐ ബി സതീഷിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും ബൃന്ദ അഭ്യർത്ഥിച്ചു. യുഡിഎഫും ബിജെപിയും തമ്മിലുള്ള അന്തർധാരയാണ് യഥാർത്ഥത്തിൽ കേരളം ചർച്ച ചെയ്യേണ്ടതെന്നും അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home