അക്ഷയ്‌ക്ക് താങ്ങായി ബ്രസീൽ ആരാധകർ; 1.13 ലക്ഷം രൂപ ചികിത്സാസഹായം കൈമാറി

കൊച്ചി: ബ്രസീലിന്റെ തോൽവി ജീവിതംതന്നെ തളർത്തിയ യുവാവിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി വിരിയിക്കുകയാണ് ഒരുകൂട്ടം ബ്രസീൽ ആരാധകർ. തൃക്കാക്കര നിലംപതിഞ്ഞിമുകൾ കളപ്പുരയ്‌ക്കൽ വീട്ടിൽ പുരുഷോത്തമന്റെയും ജയയുടെയും മകൻ കെ പി അക്ഷയ്‌യുടെ ജീവിതത്തിലേക്കാണ് പാലക്കാട് ഒറ്റപ്പാലം ബ്രസീൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പ്രതീക്ഷയും കരുതലുമായി എത്തിയത്.
2022 ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് ബ്രസീൽ പരാജയപ്പെട്ട മത്സരത്തിനിടെയായിരുന്നു അക്ഷയ്‌യുടെ ജീവിതം മാറിമറിഞ്ഞത്. കടുത്ത ബ്രസീൽ ആരാധകനായിരുന്ന അക്ഷയ് ടീമിന്റെ തോൽവി താങ്ങാനാകാതെ അമിത രക്തസമ്മർദത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് ചലനശേഷി നഷ്ടപ്പെട്ട് വീൽചെയറിലായി.
2026 ലോകകപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഒറ്റപ്പാലം ബ്രസീൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ അക്ഷയ്‌യുടെ വീട്ടിലെത്തിയത്. ചികിത്സാസഹായത്തിനായി സമാഹരിച്ച 1.13 ലക്ഷം രൂപ പ്രവർത്തകർ കുടുംബത്തിന് കൈമാറി. വിവിധ ഫുട്ബോൾ ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്ന അക്ഷയ് നിരവധിതവണ ഒറ്റപ്പാലത്തും കളിക്കാനെത്തിയിരുന്നു. ബ്രസീലിന്റെ ദേശീയപതാകയുടെ നിറത്തിൽ ഒരുക്കിയ കേക്ക് അക്ഷയ്‌ക്കൊപ്പം മുറിച്ചും പഴയ ഫുട്ബോൾ ഓർമകൾ പങ്കുവച്ചും അവർ മണിക്കൂറുകൾ ചെലവഴിച്ചു. അക്ഷയ്‌യുടെ പേരെഴുതിയ ബ്രസീൽ ജേഴ്സിയും സമ്മാനിച്ചു. ഇത്തവണ ലോകകപ്പ് ബ്രസീൽ ഉയർത്തുമെന്നും ആഘോഷത്തിൽ ഒരുമിച്ച് കാണാമെന്ന ഉറപ്പും നൽകിയാണ് പ്രവർത്തകർ മടങ്ങിയത്.










0 comments