ad
Deshabhimani

കാഴ്ച വെല്ലുവിളി നേരിടുന്നവർക്കായി ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനിൽ ബ്രെയിൽ സ്റ്റേഷൻ മാപ്പ്

Braille station map
വെബ് ഡെസ്ക്

Published on Mar 04, 2026, 08:33 PM | 1 min read

കൊച്ചി : കാഴ്ച വെല്ലുവിളി നേരിടുന്ന യാത്രക്കാർക്ക് സു​ഗമമായി യാത്ര ചെയ്യാൻ അവസരമൊരുക്കി കൊച്ചി മെട്രോ. സ്റ്റേഷൻ പരിസരം കൂടുതൽ സുഗമമായി മനസ്സിലാക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനും സഹായിക്കുന്നതിനായി കൊച്ചി മെട്രോ ചങ്ങമ്പുഴ പാർക്ക് സ്റ്റേഷനിൽ ബ്രെയിൽ സ്റ്റേഷൻ മാപ്പും ഹാൻഡ്‌റെയിലുകളിലെ ബ്രെയിൽ സൂചനകളും ഒരുക്കി. സിഐഐ – യംഗ് ഇന്ത്യൻസിന്റെ പ്രോജക്ട് ദിശയുടെ സഹകരണത്തോടെ ഒരുക്കിയ സൗകര്യങ്ങൾ കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.


Braille station map

സ്റ്റേഷന്റെ വിന്യാസം സ്പർശമാർഗ്ഗം തിരിച്ചറിയാൻ കഴിയുന്ന രീതിയിലാണ് ബ്രെയിൽ സ്റ്റേഷൻ മാപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ പ്രവേശന കവാടങ്ങൾ, ടിക്കറ്റ് കൗണ്ടർ, എസ്കലേറ്റർ, ലിഫ്റ്റ്, പ്ലാറ്റ്ഫോം തുടങ്ങിയ പ്രധാന സൗകര്യങ്ങൾ എവിടെയാണെന്ന് കാഴ്ചപരിമിതിയുള്ള യാത്രക്കാർക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. ഇതിനൊപ്പം സ്റ്റേഷനിലെ ഹാൻഡ്‌റെയിലുകളിൽ ബ്രെയിൽ അടയാളങ്ങളും ദിശാസൂചനകളും സ്ഥാപിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ തുടർച്ചയായി ലഭിക്കുന്ന ഈ സ്പർശ സൂചനകൾ യാത്രക്കാരെ ശരിയായ ദിശയിൽ നയിക്കുകയും പ്രധാന സൗകര്യങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യും. ബ്രെയിൽ ബോർഡുകളും മറ്റ് ദിശാസൂചനകളും ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ സംവിധാനം കാഴ്ചപരിമിതിയുള്ള യാത്രക്കാർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാൻ അവസരമൊരുക്കും.


ഇത്തരം സൗകര്യങ്ങൾ ഒരുമിച്ച് ലഭ്യമാകുന്നത് കാഴ്ചപരിമിതിയുള്ള യാത്രക്കാർക്ക് സ്റ്റേഷനിൽ സ്വതന്ത്രമായി സഞ്ചരിക്കാനും യാത്ര സ്വയം ആസൂത്രണം ചെയ്യാനും സഹായകരമാകും. ചടങ്ങിൽ കെഎംആർഎൽ ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ, ചീഫ് ജനറൽ മാനേജർ (ഓപ്പറേഷൻസ്) എ മണികണ്ഠൻ, ജനറൽ മാനേജർ (എച്ച്ആർ) മിനി ഛബ്ര, ചീഫ് മാനേജർ (മാർക്കറ്റിംഗ്) മുരളീകൃഷ്ണൻ യംഗ് ഇന്ത്യൻസ് ഭാരവാഹികളായ ആഷിക ജെയിൻ, ദീപു സേവ്യർ, മാത്യു കുരുവിള എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home