ചൂട് കടുക്കുന്നു; കൊല്ലത്ത് പത്തുവയസുകാരന് സൂര്യാതപമേറ്റു

AI പ്രതീകാത്മക ചിത്രം / Gemini
കൊല്ലം: വേനൽചൂട് കഠിനമാകുന്നതിനിടെ കൊല്ലം പോരുവഴിയിൽ പത്തുവയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി - കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച പകൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം.
കുട്ടിയുടെ കൈകൾക്കും തോളിനും താടിക്കും പൊള്ളലേറ്റിട്ടുണ്ട്. തോളിന്റെ ഭാഗത്താണ് പൊള്ളൽ കൂടുതൽ ഗുരുതരം. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നു. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ മൂന്നു മുതൽ നാലു ഡിഗ്രി വരെ സെൽഷ്യസ് താപനില ഉയരാനാണ് സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു . പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് തോത് രേഖപ്പെടുത്തിയതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൂട് ക്രമാതീതമായി വർധിച്ചുവരികയാണ്. കഠിനമായ വെയിലത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ശ്രദ്ധിക്കുക: സൂര്യാതപം പ്രതിരോധിക്കാൻ
ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കുക; നിർജ്ജലീകരണം തടയുക.
കട്ടി കുറഞ്ഞതും വെളുത്തതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
ശരീരത്തിൽ തടിപ്പോ പൊള്ളലോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടുക.









0 comments