print edition സുവിശേഷക സ്ഥാപനത്തിന്റെ ഷെൽട്ടർ ഹോമിൽ കുട്ടിക്ക് മർദനം; ചൈൽഡ് ലൈൻ മൊഴിയെടുത്തു

കൗമാരക്കാരന്റെ ശരീരത്തിലെ മര്‍ദനമേറ്റ പാടുകള്‍
കട്ടപ്പന: പത്തനംതിട്ട കേന്ദ്രീകരിച്ചുള്ള സുവിശേഷക സ്ഥാപനത്തിന്റെ ഷെൽട്ടർ ഹോമിലെ അന്തേവാസിയായ കൗമാരക്കാരനെ നടത്തിപ്പുകാർ മർദിച്ചതായി പരാതി. അണക്കര സ്വദേശിയായ പതിനേഴുകാരനാണ് ദേഹമാകെ മർദനമേറ്റ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയത്. ഇടുക്കി ചൈൽഡ് ലൈൻ മൊഴിയെടുത്തു.
ഭർത്താവ് ഉപേക്ഷിച്ച അണക്കര സ്വദേശിനിയുടെ മൂന്നുമക്കളിൽ മൂത്തയാളാണ് പതിനേഴുകാരൻ. മാർച്ചിൽ സുവിശേഷക സ്ഥാപനത്തിന്റെ തൽസമയപരിപാടി യുട്യൂബിൽ കണ്ടാണ് യുവതിയും കുടുംബവും ബന്ധപ്പെടുന്നത്.
ഒമ്പതാം ക്ലാസിൽ പഠനം മുടങ്ങിയ കുട്ടിക്ക് തുടർപഠനവും ജോലിയും വാഗ്ദാനംചെയ്ത് പത്തനംതിട്ടയിൽ തന്നെയുള്ള വൃദ്ധസദനത്തിലേക്ക് കൊണ്ടുപോയി. കുട്ടി ഉൾപ്പെടെ നാല് കൗമാരക്കാർ ഇവിടെയുണ്ടായിരുന്നു.
എന്നാൽ, വൃദ്ധസദനത്തിലെ അന്തേവാസികളെ കുളിപ്പിക്കൽ ഉൾപ്പെടെയുള്ള ജോലികളാണ് നൽകിയത്. കൂടാതെ, സ്ഥാപന നടത്തിപ്പുകാരിൽ ഒരാളുടെ കെട്ടി ട നിർമാണ ജോലികളും ചെയ്യിപ്പിച്ചു. പലപ്പോഴും പഴകിയ ഭക്ഷണമാണ് നൽകിയിരുന്നതെന്നും കൗമാരക്കാരൻ പറഞ്ഞു.
ഇത്തരം ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും പഠിക്കാൻ അവസരം നൽകണമെന്നും അറിയിച്ചതോടെ നടത്തിപ്പുകാർ ക്ഷുഭിതരായി. കഴിഞ്ഞ 11ന് കുളിക്കാൻ കയറിയ 17കാരനെ ഇവർ സംഘംചേർന്ന് കടന്നുപിടിച്ചു. പൂർണ നഗ്നനാക്കി വായിൽ തുണിതിരുകിയ ശേഷം കൈകൾ പിന്നിലേക്ക് വലിച്ചുപിടിച്ച് ചൂരൽ ഉപയോഗിച്ച് മർദിച്ചുവെന്നാണ് പരാതി.
രണ്ടുതുടകളും പൊട്ടുന്നതുവരെ മർദനം തുടർന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അന്തേവാസികളിൽ ഒരാൾ കുട്ടിയുടെ അമ്മയെ ഫോണിൽ വിവരമറിയിച്ചു. തൊട്ടടുത്തദിവസം ഇവർ എത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. വിവരം പുറത്തറിയിച്ചാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് നടത്തിപ്പുകാർ ഭീഷണിപ്പെടുത്തിയായും പരാതിയുണ്ട്.











0 comments