കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിൽ; സജിതയുടെ മൃതദേഹം കണ്ടെത്തി: മരണം ആറായി

പൂക്കോട്ടുംപാടം: മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടുംപാടം ടി കെ കോളനി കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ പാറക്കെട്ടിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രദേശവാസിയാണ് സജിത. ഇതോടെ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം ആറായി.
കോട്ടക്കല്‍ എടരിക്കോട് ടൗണിലെ അനസ് മങ്ങാടന്‍ (31), തിരൂർ പയ്യനങ്ങാടി പരന്നേപ്പറമ്പിൽ മുഹമ്മദ്‌കുട്ടി (68), കരുവാരകുണ്ട് തരിശിലെ സ്രാമ്പിക്കൽ റഹീം (35), വണ്ടൂർ കോട്ടക്കുന്നിലെ കുപ്പനത്ത് സജാദ് (22), വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കറുപ്പത്ത് റഫീഖ് (41) എന്നിവരാണ് മലവെള്ളപ്പാച്ചിലിൽ മരിച്ച മറ്റുള്ളവർ. അനസിന്റെയും മുഹമ്മദ്കുട്ടിയുടെയും മൃതദേഹം ഞായറാഴ്ച രാത്രി കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് കിട്ടിയത്.
സജിതയ്ക്കായി പ്രദേശവാസികളും എൻഡിആർഎഫും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസിയായ ഒരാളാണ് മൃതദേഹം പുഴയിലെ പാറക്കെട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് ഒപ്പമുള്ള എൻഡിആർഎഫ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. എൻഡിആർഎഫ് സംഘം പുഴയിലിറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചു.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വീടുകളില്‍ പൊതുദര്‍ശനത്തിനുശേഷം ഖബറടക്കി.









0 comments