കണ്ണൂർ പാട്യത്ത് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: കണ്ണൂർ പാട്യത്ത് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാട്യം മുതിയങ്ങയിൽ കാണാതായ വിനോദ് ഭവനിൽ നളിനി (70) ആണ് മരിച്ചത്. തോട്ടിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചനിലയിൽ ശനിയാഴ്ച രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ കാണാതായത്. അവിവാഹിതയായ നളിനി സഹോദരൻ അനിൽകുമാറിൻ്റെ വീട്ടിലായിരുന്നു താമസം. അഗ്നി രക്ഷാ സേനയും ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മുതിയങ്ങയിലെ വീടിന് സമീപത്തെ തോട്ടിൽ വീണെന്ന കുടുംബങ്ങളുടെ സംശയത്തിൽ സമീപത്തെ പുഴയിലുൾപ്പടെ തിരച്ചിൽ നടത്തുകയായിരുന്നു. കൂത്തുപറമ്പ് ഫയർ സ്റ്റേഷൻ ഓഫീസർ പി ഷാനിത്തിന്റെ നേതൃത്വത്തിൽ ഫയർ റെസ്ക്യു ഓഫീസർമാരായ നിരൂപ്, രോഹിത്, ഹോം ഗാർഡ്മാരായ സരുൺ, മനോജ് എന്നിവരാണ് തിരച്ചിൽ നടത്തിയത്. കാണാതായി മൂന്നാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. ശക്തമായ മഴ തുടരുന്നതും പുഴയുടെ അടിയൊഴുക്കും തിരച്ചിലിനെ ബാധിച്ചതായി ഫയർ സ്റ്റേഷൻ ഓഫീസർ പറഞ്ഞു.
നളിനിയെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് വീട്ടുകാർ സമീപ പ്രദേശത്തൊക്കെ തിരച്ചിൽ നടത്തിയിരുന്നു. വീടിന് സമീപത്തെ തോട്ടിൽ വീണതായിരിക്കാം എന്ന കുടുംബങ്ങളുടെ സംശയത്തിൽ നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിച്ച പ്രകാരം കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പാനൂർ, പേരാവൂർ എന്നിവിടങ്ങളിലെ ഫയർഫോഴ്സും, സ്കൂബ ടീമും, ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡും, നാട്ടുകാരും, ജനപ്രതിനിധികളും ചേർന്നാണ് തിരച്ചിൽ നടത്തിയത്.









0 comments