ആലപ്പുഴയിൽ വിദേശ പൗരന്റെ മൃതദേഹം തീരത്തടിഞ്ഞു

ആലപ്പുഴ: ആലപ്പുഴ അർത്തുങ്കലിൽ അജ്ഞാത മൃതദേഹം തീരത്തടിഞ്ഞു. തിരിച്ചറിയാൻ കഴിയാത്ത നിലയിലുള്ള മൃതദേഹം അഴീക്കലിന് സമീപം പുറംകടലിൽ തീപിടിച്ച വാൻഹായ് കപ്പലിൽനിന്ന് കാണാതായ ജീവനക്കാരന്റെതാണോ എന്ന് സംശയമുണ്ട്. ചൊവ്വ രാവിലെ ഏഴോടെ അർത്തുങ്കൽ ഫിഷ് ലാൻഡിങ് സെന്ററിന് സമീപമാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് നടത്തിയ പരിശോധനയിൽ വിദേശ പൗരന്റെ മൃതദേഹമാണെന്ന് വ്യക്തമായി. വാൻ ഹായ് കപ്പലിൽനിന്ന് കാണാതായ യമൻ പൗരനായ ജീവനക്കാരന്റെ മൃതദേഹമാണോ ഇതെന്ന് സംശയമുണ്ട്. ജൂൺ 2ന് പുതുവൈപ്പിനിൽനിന്ന് രണ്ട് യമൻ വിദ്യാർഥികളെയും കടലിൽ കാണാതായിരുന്നു. ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ ഡിഎൻഎ പരിശോധന വേണ്ടിവരും.
ആലപ്പുഴ കാട്ടൂർ തീരത്ത് അടിഞ്ഞ ബാരൽ.
കാട്ടൂർ തീരത്ത് വാൻഹായ് കപ്പലിലേതെന്ന് സംശയിക്കുന്ന ബാരലും ചൊവ്വാഴ്ച രാവില കരയ്‌ക്കടിഞ്ഞു. വാൻ ഹായ് കപ്പലിൽ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്‌നർ കൊല്ലം പോർട്ടിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം അറപ്പപ്പൊഴിയിൽ കണ്ടെത്തിയ ലൈഫ് ബോട്ടും കൊല്ലം പോർട്ടിലേക്ക് മാറ്റും. വാൻ ഹായ് കപ്പലിലെ കണ്ടെയ്‌നർ നീക്കുന്ന ചുമതലയുള്ള സാൽവേജ് കമ്പനി റോഡ് മാർഗമാകും കണ്ടെയ്‌നർ കൊല്ലത്ത് എത്തിക്കുക.
കണ്ടെയ്‌നർ കണ്ടെത്തിയ സ്ഥലത്തെ കടൽവെള്ളം മലിനീകരണ നിയന്ത്രണ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആലപ്പുഴ, എറണാകുളം, കൊല്ലം തീരങ്ങളിൽ കപ്പലിലെ വസ്തുക്കൾ എത്തിയേക്കുമെന്ന് കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ തീരദേശ മേഖലകളിൽ ജാഗ്രത തുടരുകയാണ്.









0 comments