ബ്ലൂ ഇക്കോണമി കോൺക്ലേവ് കേരളത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്ലൂ ഇക്കോണമി കോൺക്ലേവ് കേരളത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുമെന്നും സാമ്പത്തികമായി വികസിക്കുന്നതോടൊപ്പം സുസ്ഥിര വികസനമാണ് ബ്ലൂ ഇക്കോണമി ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോൺക്ലേവ് മാനവരാശിയുടെ പുരോഗമനത്തിനു വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘രണ്ട് തീരങ്ങൾ, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തിൽ കോവളം ദി ലീല റാവിസിൽ നടക്കുന്ന കേരള– യൂറോപ്യൻ യൂണിയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സാക്ഷരത നിരക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യ രംഗത്തും നമ്മൾ മുന്നിലാണ്. ലോകം മുഴുവൻ അംഗീകരിച്ച ഒന്നാണ് അത്. കോവിഡ് കാലത്ത് മരണനിരക്ക് കുറയ്ക്കാനായ സംസ്ഥാനമാണ് കേരളം. രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദമുള്ള സംസ്ഥാനമാണ് കേരളം. ടൂറിസത്തിൽ അനന്തമായ സാധ്യതകളാണ് കേരളത്തിലുള്ളത്. ഇത്തരത്തിൽ എല്ലാ മേഖലകളിലും കേരളം മുന്നേറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ്, കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ, സംസ്ഥാനമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തീരദേശ വികസനവും കാലാവസ്ഥാ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളും, ഹാർബർ അടിസ്ഥാനസൗകര്യങ്ങളും തുറമുഖ ലോജിസ്റ്റിക്സ് ഷിപ്പിങ് കണക്റ്റിവിറ്റി നിക്ഷേപങ്ങളും, സുസ്ഥിര മത്സ്യബന്ധനം-അക്വാകൾച്ചർ മാനേജ്മെന്റ് -ഗവേഷണം- നിക്ഷേപങ്ങൾ, ഗ്രീൻ ട്രാൻസിഷൻ: സർക്കുലർ ഇക്കണോമി, റിന്യൂവബിൾ/ക്ലീൻ എനർജി ആൻഡ് ഇൻവെസ്റ്റ്മെന്റ്‌സ്, എജ്യുക്കേഷൻ-സ്കിൽസ് ആൻഡ് ടാലൻറ് മൊബിലിറ്റി, തീരദേശ ടൂറിസവും വെൽനസും (ആയുഷ്) എന്നീ വിഷയങ്ങളിലാണ പാനൽ സെഷനുകൾ നടക്കുക.സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സർക്കാരിന്റെയും യൂറോപ്യൻ യൂണിയന്റെയും സഹകരണത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.









0 comments