print edition വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന: ബിഎൽഒമാരുടെ ആനുകൂല്യം വെട്ടിക്കുറച്ചതിൽ പ്രതിഷേധം


സ്വന്തം ലേഖകൻ
Published on Mar 20, 2026, 12:00 AM | 1 min read
തിരുവനന്തപുരം: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) തിടുക്കപ്പെട്ട് പൂർത്തിയാക്കാൻ രാപകൽ പണിയെടുത്ത ബിഎൽഒമാരുടെ ആനുകൂല്യം വെട്ടിക്കുറച്ചതിൽ പ്രതിഷേധം. ദുർഘടമായ സാഹചര്യങ്ങളിൽ ജോലിചെയ്ത ഇവർക്ക് നാലുമാസത്തേക്ക് 6,000 രൂപയായിരുന്നു കമീഷൻ വാഗ്ദാനംചെയ്തത്. അന്തിമ പട്ടികയുടെ പ്രസിദ്ധീകരണത്തിനുശേഷം 2,000 രൂപയാക്കി ഇത് വെട്ടിക്കുറച്ചു. കമീഷന്റെ അപ്രതീക്ഷിത നടപടിയിൽ സംസ്ഥാനത്തെ ബിഎൽഒമാർ കടുത്ത പ്രതിഷേധത്തിലാണ്. ജോലിയെ ബാധിക്കുമോ എന്ന ഭയത്താലും മേലുദ്യോഗസ്ഥരെ ഭയന്നുമാണ് പലരും പരസ്യമായി പ്രതികരിക്കാൻ മടിക്കുന്നത്.
തിടുക്കപ്പെട്ട് നടപ്പാക്കിയ എസ്ഐആർ നടപടികൾക്കായി അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽപോലും ബിഎൽഒമാർ പ്രവർത്തിച്ചു. എന്യൂമറേഷൻ ഫോം നൽകാൻ രാത്രികാലങ്ങളിൽവരെ വീടുകൾ തോറും കയറിയിറങ്ങേണ്ടി വന്നു. തനിച്ച് എന്യൂമറേഷൻ ജോലികൾക്കായി പോയ പലർക്കും പ്രാദേശികമായ ഭീഷണികൾ വരെയുണ്ടായി. ജോലിയുടെ അമിത ഭാരവും മാനസിക സമ്മർദവും താങ്ങാനാവാതെ കണ്ണൂരിൽ ഒരു ബിഎൽഒ ആത്മഹത്യ ചെയ്തതും നിരവധിപേർ സമാനമായ ഭീഷണി മുഴക്കിയതും കമീഷന്റെ കണ്ണുതുറപ്പിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് തുക വെട്ടിക്കുറച്ചത്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ബിഎൽഒമാരെ വലയ്ക്കുന്നുണ്ട്. വോട്ടർപ്പട്ടിക പുതുക്കുന്നതിനായി ഉപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷന്റെ തകരാർ പലപ്പോഴും ജോലി ഇരട്ടിയാക്കുന്നു. സ്വന്തം പോക്കറ്റിൽനിന്ന് പണമെടുത്ത് യാത്രാച്ചെലവും ഫോൺ റീച്ചാർജും നിർവഹിക്കേണ്ടി വരുന്നതും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടികളുടെയും പരാതി ഉയരുമ്പോൾ ബിഎൽഒമാരെ മാത്രം പഴിചാരുന്ന നടപടിയും കമീഷൻ സ്വീകരിക്കുന്നുണ്ട്. വെട്ടിക്കുറച്ച ഇൻസെന്റീവ് പുനഃസ്ഥാപിക്കണമെന്നും ബിഎൽഒമാരുടെ അധ്വാനത്തെ മാനിക്കണമെന്നും വിവിധ സർവീസ് സംഘടന നേതാക്കളും പ്രസ്താവനയിറക്കിയിട്ടുണ്ട്.










0 comments