print edition കോന്നിയിലെ കരിമ്പുലിയെ പുത്തൂരിലെത്തിച്ചു

ഒല്ലൂർ : കോന്നിയിലെ കുളത്തുമണ്ണിൽനിന്ന് പിടികൂടിയ കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ പാർക്ക് മൃഗാശുപത്രിയിലെത്തിച്ചു. വെള്ളി വൈകിട്ട് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ ഏകദേശം ഒന്നര വയസ്സ് വരുന്ന കരിമ്പുലിയെ ശനിയാഴ്‌ച രാവിലെയാണ് പുത്തൂരിലെത്തിച്ചത്.
കൂട്ടിൽപ്പെട്ടതോടെയുള്ള പരാക്രമത്തിൽ ഉണ്ടായ പരിക്കിന് ചികിത്സ ആരംഭിച്ചു. രണ്ട് മാസത്തിലധികമായി കുളത്തുമണ്ണിലെ ജനങ്ങളെ ഭീതിയിൽ നിറുത്തിയ കരിമ്പുലിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. പ്രകോപിതനായ കരിമ്പുലിയെ രാത്രി വൈകിയാണ് പുത്തൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്. രാത്രി പുറപ്പെട്ട് പുലർച്ചെ അഞ്ചോടെയാണ് പുത്തൂരിലെത്തിച്ചത്. പുലിക്ക് ചെറിയ പരിക്കുകൾ പറ്റിയതായി വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
പുത്തൂരിലെത്തിയ ശേഷം കരിമ്പുലി ഭക്ഷണം കഴിക്കുന്നുണ്ട്. മരുന്നും നൽകിത്തുടങ്ങി. എന്നാൽ പരിസരവുമായി ഇണങ്ങുന്നതിന് കൂടുതൽ സമയമെടുക്കും. കർശന നിരീക്ഷണത്തിലായിരിക്കും കരിമ്പുലിയെ സംരക്ഷിക്കുക. ചികിത്സാസമയം പൂർത്തിയാക്കിയശേഷമേ മറ്റു നടപടികളിൽ തീരുമാനങ്ങൾ ഉണ്ടാവുകയുള്ളൂവെന്ന് പാർക്ക് അധികൃതർ അറിയിച്ചു.









0 comments