print edition കള്ളപ്പണ ഹബ്ബായി ബിജെപി തൃശൂർ കാര്യാലയം; കൂടുതൽ വിവരം പുറത്തുവിടുമെന്ന് അക്ഷയ്

തൃശൂർ : കള്ളപ്പണക്കടത്തിന്റെ പ്രധാന ഹബ്ബായി തൃശൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് മാറിയതിന് കൂടുതൽ തെളിവുകൾ പുറത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ 17 ചാക്കുകളിലായി 25 കോടി രൂപ ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചതായി ഓഫീസ് സെക്രട്ടറിയായിരുന്ന പി അക്ഷയ് വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് ജേക്കബ് ജസ്‌റ്റിൻ പൊലീസിൽ പരാതി നൽകി.
എന്നാൽ പണമിടപാടിന്റെ കൂടുതൽ വിവരം തന്റെ പക്കലുണ്ടെന്നും വെളിപ്പെടുത്തുമെന്നും അക്ഷയ് പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് പല ഘട്ടങ്ങളിലായി ഓഫീസിൽ പണം ഇറക്കിയിരുന്നു. വീഡിയോകളും ചിത്രങ്ങളും സംഭാഷണങ്ങളും തെളിവായുണ്ട്. സംഘടനാ സെക്രട്ടറി കെ പി സുരേഷ്, മുരളി കുളങ്ങാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സുജയസേനൻ, കെ ആർ ഹരി എന്നിവരടങ്ങിയ സംഘമാണ് പണം കൈകാര്യം ചെയ്‌തിരുന്നതെന്നാണ് അക്ഷയിന്റെ ആരോപണം.
പാർടി ഓഫീസിന് പുറമെ ഗാന്ധിനഗറിലെ ഒളിസങ്കേതത്തിലും പണം സൂക്ഷിച്ചു. തെരഞ്ഞെടുപ്പിനുശേഷം ബാക്കി വന്ന പണം ചില നേതാക്കൾ മുക്കി. ഇവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും അക്ഷയ് പറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫീസിൽ പണം സൂക്ഷിച്ച വിവരമറിഞ്ഞ് ഉന്നത വനിതാ നേതാവ് എത്തിയപ്പോൾ മറ്റുള്ളവർ മുറിപൂട്ടി സ്ഥലംവിട്ടത് ബഹളത്തിനിടയാക്കി. വനിതാ നേതാവിന് വിവരം കൈമാറിയ രണ്ടു ഭാരവാഹികളെ പിന്നീട് സ്ഥാനത്തുനിന്ന് നീക്കി.
2021ലും ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ കള്ളപ്പണം ഇറക്കിയതായി ആരോപണം ഉയർന്നിരുന്നു. 2021ലെ കൊടകര കുഴൽപ്പണ ഇടപാടിൽ അന്നത്തെ ജില്ലാ പ്രസിഡന്റായിരുന്ന അനീഷ്‌കുമാർ, സുജയസേനൻ, കെ ആർ ഹരി എന്നിവരുടെ പങ്കിനെക്കുറിച്ച് അന്ന് ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷ് വെളിപ്പെടുത്തിയിരുന്നു. ആറ് ചാക്കിലായി ഒന്പതു കോടിരൂപ ജില്ലാ കമ്മിറ്റി ഓഫീസിൽ ഇറക്കിയതിന് സാക്ഷിയാണെന്ന് പൊലീസിലും കോടതിയിലും തിരൂർ സതീഷ് മൊഴിനൽകി. പൊലീസിന്റെ കുറ്റപത്രത്തിലും ഇവരുടെ പങ്കുകൾ വ്യക്തമാക്കിയിരുന്നു.










0 comments