ദേശീയപാതയിൽ കാർ തടഞ്ഞ് കവർച്ച; ബിജെപിക്കാരൻ പിടിയിൽ

പയ്യന്നൂർ: ദേശീയപാതയിൽ മഹാരാഷ്ട്രക്കാരനായ സ്വർണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കാറും 55 ലക്ഷം രൂപയും സ്വർണവും കവർച്ചചെയ്‌ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. കല്യാശേരി പാറക്കടവ് അങ്കണവാടിക്ക് സമീപം പി സനു സന്തോഷാ(42)ണ് അറസ്റ്റിലായത്.
കാസർകോട് ഉപ്പളയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ജൂൺ രണ്ടിനാണ് തലശേരി ചിറക്കരയിൽ താമസിക്കുന്ന മഹാരാഷ്ട്ര സാംഗ്ളിയിലെ കുമാർ ജലിന്തർ നിഗവും കുടുംബവും കവർച്ചക്കിരയായത്. പെരിന്തൽമണ്ണയിൽ എഎസ്‌കെ ഗോൾഡ് ഉടമയാണ് ജലിന്തർ നിഗം. ഇവർ സഞ്ചരിച്ച കാർ രണ്ട് ഇന്നോവയിലെത്തിയ സംഘം പിന്തുടർന്ന് തട്ടിയെടുക്കുകയായിരുന്നു.
മഹാരാഷ്ട്ര സ്വദേശി സച്ചിനാണ് കാർ ഓടിച്ചത്. ജലിന്തറും ഭാര്യയും രണ്ട് മക്കളും ഡ്രൈവറും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി കാറിൽനിന്ന് കുട്ടികളിലൊരാളെ ബലമായി പുറത്തെടുത്തുകയായിരുന്നു. ഇതോടെ കുമാർ ജലിന്തറും ഡ്രൈവറും പുറത്തിറങ്ങി. ഇതിനിടെ കുട്ടിയെ ജലിന്തറിന് കൈമാറി കാറുമായി കടന്നുകളയുകയായിരുന്നു. ജലിന്തറിന്റെ ഭാര്യയെയും മറ്റൊരു കുട്ടിയെയും ഒരു കിലോമീറ്റർ അകലെ ഇറക്കിവിട്ടശേഷം പിലാത്തറ കോ– ഓപ്പറേറ്റീവ് കോളേജിനു സമീപത്തെ ഒഴിഞ്ഞ പറമ്പിലെത്തിച്ച് കാർ അടിച്ചുതകർത്തു.
തലശേരി ചിറക്കരയിൽ താമസക്കാരാനായ മഹാരാഷ്ട്ര സ്വദേശി അശോക് യശ്വന്തിന്റേതാണ് കാർ. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ലാത്തതിനാൽ കാർ തകർക്കുമ്പോൾ അക്രമിസംഘത്തിലാർക്കെങ്കിലും മുറിവേറ്റിരിക്കാമെന്നാണ് പൊലീസ് നിഗമനം. കാറിൽ രഹസ്യഅറകളുണ്ടോ എന്ന് പരിശോധിക്കാനാണ് തകർത്തതെന്നാണ് പൊലീസ് കരുതുന്നത്.
കവർച്ചയ്‌ക്കുപിന്നാലെ ജലിന്തർ തലശേരിയിലെത്തി പൊലീസിൽ വിവരമറിയിച്ചു. പരിയാരം മെഡിക്കൽ കോളേജ് പൊലീസാണ് എഫ്ഐആർ രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങിയത്. എടാട്ട് ദേശീയപാതയിലാണ് കാർ തടഞ്ഞ് കവർച്ച നടത്തിയതെന്ന് മൊഴി നൽകിയതോടെ കേസ് പയ്യന്നൂർ പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. കൂട്ടുപ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.










0 comments