തൃശൂരില്‍ അക്രമം അഴിച്ച് വിട്ട് ബിജെപി; പൊലീസുമായി ഏറ്റുമുട്ടി

തൃശൂർ: തൃശൂർ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നടന്ന വോട്ട്‌ക്രമക്കേട് ചർച്ചയായതിന് പിന്നാലെ അക്രമം അഴിച്ചുവിട്ട് ബിജെപി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപിക്കാർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിന് 100 മീറ്ററിന് മുമ്പാണ് മാർച്ച് തടഞ്ഞത്. തൃശൂരിൽ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ വോട്ടർപട്ടിക ക്രമക്കേടിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടാണ് മാർച്ച് നടത്തിയത്. തീപന്തവുമായി മാർച്ച് നടത്തിയ ബിജെപിക്കാർ അത് ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച് സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചു. 30 ഓളം പേരുടെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ മാർച്ച്.
കന്യാസ്‌ത്രീകൾക്കെതിരെ നടന്ന ആക്രമണങ്ങൾക്കെതിരെ മൗനം പാലിച്ച സുരേഷ് ഗോപിയുടെ നിലപാടിൽ പ്രതിഷേധിച്ചും ഭരണഘടനാ വിരുദ്ധമായി ജനാധിപത്യ വോട്ടവകാശത്തെ അട്ടിമറിച്ച നിലപാടുകൾക്കെതിരെ സുരേഷ് ഗോപിയുടെ ഒൗദ്യോഗിക ഓഫീസിലേക്ക് സിപിഐ എം മാർച്ച് നടത്തിയിരുന്നു. ഇതിനെതിരായ പ്രതിഷേധം എന്ന പേരിലായിരുന്നു ബിജെപി മാർച്ച്.
പാർടി ഓഫീസിലേക്ക് മാർച്ച് നടത്താനുള്ള ശ്രമം അറിഞ്ഞ് സിപിഐ എം പ്രവർത്തകർ ഓഫീസിന് സമീപം സംഘടിച്ചു. ബിജെപിയുടെ സംഘർഷ നീക്കത്തിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിരോധം തീർത്ത സിപിഐ എം പ്രവർത്തകർക്കു നേരെ ബിജെപിക്കാർ തീപന്തം അറിഞ്ഞു. സിപിഐ എം നേതാക്കളുടെയും പൊലീസിന്റെയും കൃത്യമായ ഇടപെടലാണ് സംഘർഷം ഒഴിവാക്കിയത്. വിവരമറിഞ്ഞ് കൂടുതൽ സിപിഐ എം പ്രവർത്തകർ എത്തിയതോടെ ബിജെപിക്കാർ പിൻവാങ്ങി.
ബിജെപി നിലപാട് പ്രതിഷേധാർഹം: സിപിഐ എം ജില്ലാ സെക്രട്ടറി
എംപിയുടെയും എംഎൽഎയുടെയും ഓഫീസിലേക്ക് രാഷ്‌ട്രീയ പാർടികൾ മാർച്ച് നടത്തുന്നത് ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ഒരു രാഷ്ട്രീയ പാർടി മറ്റൊരു പാർടിയുടെ ഓഫീസിലേക്ക് മാർച്ച് നടത്താറില്ല. അത് രാഷ്ട്രീയ പാർടികൾ തമ്മിലുള്ള ജനാധിപത്യപരമായ ധാരണയുടെ ഭാഗമാണ്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ച് പ്രതിഷേധാർഹമാണ്. ഇതിന് വിരുദ്ധമായാണ് ബിജെപി സിപിഐ എം ഓഫീസിലേക്ക് മാർച്ച് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.









0 comments