കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഫെഡറലിസത്തിന് എതിരും ഭരണഘടനാ വിരുദ്ധവും : എം വി ഗോവിന്ദൻ

തളിപ്പറമ്പ്(കണ്ണൂര്‍): എൻഡിഎയിൽ ചേർന്നാൽ കേരളത്തിന് സഹായം ലഭിക്കുമെന്ന കേന്ദ്രമന്ത്രി രാംദാസ് അത്താവാലേയുടെ പ്രസ്താവന ഫെഡറലിസത്തിന് എതിരാണെന്നും അത് ഭരണഘടന വിരുദ്ധമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണഘടനാ സ്ഥാപനങ്ങളെ ആർഎസ്എസിൻ്റെ ചൊൽപ്പടിക്ക് നിർത്താനുള്ള ശ്രമമാണിത്. നിയോ ഫാസിസത്തിലേക്ക് രാജ്യത്തെ നയിക്കുന്ന കേന്ദ്രസർക്കാറിൻ്റെ ഏകാധിപത്യ പ്രവണതയുടെ ഭാഗമാണ് മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും എം വി ഗോവിന്ദൻ ധർമശാലയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കാക്കയുടെ നിറം കറുപ്പാണെന്നത് പോലെ ജമാഅത്ത ഇസ്ലാമിയുടെ ആശയം മതരാഷ്ട്രവാദമാണ്. അത് ആവർത്തിച്ച് ഉറപ്പിച്ച ജമാഅത്ത ഇസ്ലാമിയുടെ പ്രസ്‌താവനയിൽ അത്‌ഭുതമില്ല. ജമാ അത്ത ഇസ്ലാമി മതരാഷ്ട്രവാദികളാണെന്ന് സിപിഐ എം നേരത്തെ തന്നെ പറഞ്ഞതാണ്. അങ്ങനെയല്ലെന്ന് പറഞ്ഞ വി ഡി സതീശനാണ് അതിൽ ഇനി അഭിപ്രായം പറയേണ്ടതും നിലപാട് വ്യക്തമാക്കേണ്ടതും.
ഇന്ത്യയിൽ തന്നെ വർഗീയതയ്ക്കെതിരെ ഓരോ ഇഞ്ചും പൊരുതി നിൽക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം . എന്നാൽ അതല്ല എന്ന് സ്ഥാപിക്കാൻ മാധ്യമങ്ങൾ ഉൾപ്പടെ ചിലർ പ്രചാരവേല നടത്തുന്നുണ്ട്. മത സാമുദായിക സംഘടനകളെല്ലാം ഐക്യത്തോടെ കഴിയുന്ന നാടാണ് കേരളം. കഴിഞ്ഞ പത്തുവർഷത്തിനിടെ ഒരു വർഗീയ സംഘർഷം പോലും ഇല്ലാതെ ഐക്യത്തോടെ കഴിഞ്ഞതിൻ്റെ തുടർച്ച നമുക്ക് ഉണ്ടാകേണ്ടതുണ്ട്. വിഭാഗീയതയില്ലാതെ എല്ലാവരും ഐക്യത്തോടെ പോകുന്നത് തന്നെയാണ് നാടിനും നല്ലത്.
എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി പോകണമെന്ന അഭിപ്രായമാണ് സിപിഐഎമ്മിനെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments