'കേന്ദ്രമന്ത്രി അഭിനയിച്ച സിനിമയ്ക്ക് പോലും രക്ഷയില്ല'; ബിജെപി നിലപാട് വ്യക്തമാക്കണം: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദേശത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി സജി ചെറിയാൻ. സെൻസർ ബോർഡ് നടപടി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും സർക്കാർ പൂർണ്ണമായും സിനിമാരംഗത്ത് പ്രർത്തിക്കുന്നവരോടൊപ്പമാണെന്നും സജി ചെറിയാൻ പറഞ്ഞു.
'എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന ബിജെപി നേതാക്കൾ ജാനകി സിനിമയെക്കുറിച്ച് മിണ്ടുന്നില്ല. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി അഭിനയിച്ച സിനിമയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണ ആളുകളുടെ അവസ്ഥ എന്തായിരിക്കും?. സർക്കാർ പൂർണ്ണമായും സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരോട് ഒപ്പമാണ്. സ്വതന്ത്രമായ രീതിയിൽ അവർക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ള സമീപനമാണ് സ്വീകരിക്കുന്നത്'- സജി ചെറിയാൻ പറഞ്ഞു.
സെൻസർ ബോർഡ് നടപടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്നും എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കുമെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമിച്ചിരിക്കുന്നത്. പ്രവീൺ നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ജൂൺ 12നാണ് ചിത്രം ഇ- സിനിമാപ്രമാൺ പോർട്ടൽ വഴി സർട്ടിഫിക്കേഷനായി സമർപ്പിച്ചത്.
സിനിമയുടെ സെൻസർ പ്രദർശനം ജൂൺ 18ന് പൂർത്തിയായിരുന്നു. എന്നാൽ സിനിമയുടെ പേരിലെ ജാനകി 'സീത'യെ പരാമർശിക്കുന്നുവെന്നും അത് മാറ്റണമെന്നും കാണിച്ച് പ്രദർശനാനുമതി തടഞ്ഞു. ഇത് രേഖാമൂലം അണിയറ പ്രവർത്തകരെ സെൻസർബോർഡ് അറിയിച്ചിട്ടില്ല. സിനിമയുടെ ട്രെയിലറിന് സിബിഎഫ്‌സി നേരത്തെ തടസങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ അനുമതി നൽകിയിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നതിൽ കാലതാമസം നേരിട്ടാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കാണിച്ചാണ് നിർമാതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.









0 comments