ഒഡിഷയിലെ ബിജെപി എംപി കൊല്ലത്ത്‌ ഗൺമാനെ മർദിച്ചു

Aparajita Sarangi
വെബ് ഡെസ്ക്

Published on Sep 28, 2025, 12:03 AM | 1 min read

കൊല്ലം: ഒഡിഷയിലെ ബിജെപി വനിതാ എംപി ഗൺമാനെ ക്രൂരമായി മർദിച്ചു. കൊല്ലം ജില്ലയുടെ ബിജെപി ചുമതലയുള്ള സഹപ്രഭാരിയും എംപിയുമായ അപരാജിത സാരംഗിയാണ്‌ തിരുവനന്തപുരം സിറ്റി എആർ ക്യാന്പിലെ പൊലീസ്‌ ഉദ്യോഗസ്ഥനായ വിവേകിനെ മർദിച്ചത്‌.


വള്ളിക്കാവ്‌ അമൃതപുരിയിലെ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ പരിപാടി കഴിഞ്ഞ്‌ മടങ്ങവെ ശനി പകൽ 2.30ന്‌ നീണ്ടകരയിലാണ്‌ സംഭവം. സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു അപരാജിത. ഇവരുടെ വാഹനത്തിന്‌ ഏറെ മുന്നിലുണ്ടായിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ ഇസഡ്‌ കാറ്റഗറി വാഹനവ്യൂഹത്തിൽ കയറാൻ ഇവർ ഡ്രൈവറോടും ഗൺമാനായ വിവേകിനോടും ആവശ്യപ്പെട്ടു.


സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഇത്‌ അപ്രായോഗികമാണെന്ന്‌ വിവേക്‌ അറിയിച്ചു. എംപി സമ്മർദം തുടർന്നതോടെ വാഹനവ്യൂഹ ചുമതലയുള്ള മാർഷലു(മോട്ടോർ കേഡ്‌ മാർഷൽ)മായി വിവേക്‌ ബന്ധപ്പെട്ടു. 
സുരക്ഷാവിഭാഗം ഉന്നത ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള വാഹനപ്പട്ടികയിലില്ലാത്തതിനാൽ എംപിയുടെ വാഹനത്തെ മുന്നിലേക്ക്‌ കടത്തിവിടാനാകില്ലെന്ന്‌ മാർഷൽ അറിയിച്ചു. ഇക്കാര്യം എംപിയെ അറിയിച്ചതോടെ കുപിതയായ ഇവർ ഗൺമാനെ മർദിക്കുകയായിരുന്നു. വിവേകിന്റെ മുതുകത്ത്‌ എംപി രണ്ടുതവണ ആഞ്ഞടിച്ചു.


സംഭവത്തിൽ നന്ദാവനം എ ആർ ക്യാന്പ്‌ മേധാവിക്ക്‌ വിവേക്‌ പരാതി നൽകും. എന്നാൽ, സംഭവം വിവാദമായതോടെ ഗൺമാൻ എംപിയെ അടിച്ചെന്ന്‌ വരുത്തിത്തീർക്കാനും ബിജെപിയുടെ ശ്രമമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Home