കൊള്ളയടിക്കാൻ 
‘സ്വന്തം ലോബി’ ; തട്ടിപ്പിന്റെ കേന്ദ്രങ്ങളായി ബിജെപി സഹകരണസംഘങ്ങൾ

bjp money scam in kerala
വെബ് ഡെസ്ക്

Published on Sep 27, 2025, 02:30 AM | 1 min read


തിരുവനന്തപുരം

പെട്ടിക്കടകൾപോലെ സഹകരണസംഘങ്ങൾ തുടങ്ങുകയും നിക്ഷേപം ബിനാമി വായ്‌പകളാക്കി കടത്തിക്കൊണ്ടുപോവുകയും ചെയ്യുന്ന തട്ടിപ്പ്‌ കേന്ദ്രങ്ങളായി ബിജെപി സഹകരണസംഘങ്ങൾ. വായ്‌പ തിരിച്ചടയ്‌ക്കാതാകുന്പോൾ സംഘം പൂട്ടുന്നതാണ്‌ ആർഎസ്‌എസിന്റെയും ബിജെപിയുടെയും പതിവുരീതി. സംസ്ഥാന ജനറൽ സെക്രട്ടറി മുതൽ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾവരെ വായ്‌പാത്തട്ടിപ്പ്‌ ആരോപണം നേരിടുന്നു. തിരുവനന്തപുരം നഗരത്തിൽ മാത്രം ആർഎസ്‌എസും ബിജെപിയും നേതൃത്വം നൽകുന്ന അഞ്ചിലേറെ സംഘങ്ങളാണ്‌ അടച്ചുപൂട്ടലിലെത്തി നിൽക്കുന്നത്‌.


ബിജെപി ജനറൽ സെക്രട്ടറി എസ്‌ സുരേഷ്‌ ഇത്തരത്തിൽ നിയമനടപടി നേരിടുന്നുണ്ട്‌. ഇദ്ദേഹം വൈസ്‌പ്രസിഡന്റായ പെരിങ്ങമ്മല ബിൽഡേഴ്‌സ്‌ ഹ‍ൗസിങ്‌ സൊസൈറ്റി ക്രമക്കേടുകളെത്തുടർന്ന്‌ അടച്ചുപൂട്ടി. നഷ്‌ടമായ തുക ഭരണസമിതിയംഗങ്ങളിൽനിന്ന്‌ തിരിച്ചുപിടിക്കാൻ സഹകരണ വകുപ്പ്‌ സർചാർജ്‌ ചുമത്തി. ഭരണസമിതിയംഗങ്ങൾ വായ്‌പയെടുക്കരുത്‌ എന്ന നിയമം ലംഘിച്ച്‌ സുരേഷ്‌ ഇവിടെനിന്ന്‌ വായ്‌പയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്‌. ആർഎസ്‌എസ്‌ മുൻ വിഭാഗ്‌ ശാരീരിക്‌ പ്രമുഖ്‌ പി പത്മകുമാറാണ്‌ സംഘത്തിന്റെ പ്രസിഡന്റ്‌. കണ്ണൂരിൽ വിഭാഗ്‌ പ്രചാരകായിരിക്കെ, സിപിഐ എം പ്രവർത്തകർക്കെതിരെ അക്രമങ്ങൾ ആസൂത്രണം ചെയ്‌തിരുന്നയാളാണ്‌ പത്മകുമാർ.


ബിജെപി സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ നേതൃത്വം നൽകുന്ന ട്രാവൽ ടൂറിസം സൊസൈറ്റിയും അടച്ചുപൂട്ടലിന്റെ വക്കിലാണ്‌. മുൻ സംസ്ഥാന വക്താവ്‌ പ്രസിഡന്റായിരുന്ന ബാങ്ക്‌, ആർഎസ്‌എസ്‌ നയിക്കുന്ന വഞ്ചിനാട്‌ സഹകരണസംഘം, കോട്ടയ്‌ക്കകത്ത്‌ പ്രവർത്തിക്കുന്ന ഇലക്‌ട്രിക്കൽ എംപ്ലോയീസ്‌ സഹകരണസംഘം, വെങ്ങാനൂർ റൂറൽ ഡെവലപ്‌മെന്റ്‌ സഹകരണസംഘം, തിരുമലയിലെ ജില്ലാ മോട്ടോർ തൊഴിലാളി വെൽഫെയർ സഹകരണസംഘം തുടങ്ങി നിരവധി സൊസൈറ്റികളെയാണ്‌ തട്ടിപ്പിന്റെ കേന്ദ്രങ്ങളാക്കിയത്‌.


ജില്ലാ ജനറൽ സെക്രട്ടറിയായ വെങ്ങാനൂർ സതീഷാണ്‌ വെങ്ങാനൂർ കോ– ഓപറേറ്റീവ് റൂറൽ ഡെവലപ്മെന്റ്‌ സൊസൈറ്റിയുടെ പ്രസിഡന്റ്‌. സംഘത്തിലെ അഴിമതിക്ക്‌ വൈസ് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവും ബിജെപി ജില്ലാ നേതാവുമായ സാജൻ, സംഘം സെക്രട്ടറി എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. വെങ്ങാനൂർ സതീഷടക്കമുള്ളവർക്ക്‌ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. തുടർന്ന്‌ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home