സത്യം പറഞ്ഞ കോൺഗ്രസ് അംഗത്തിന് സസ്‌പെൻഷൻ
print edition പുൽപ്പള്ളിയിലെ ബിജെപി കൂട്ട് ; രാജിവച്ചെങ്കിലും സഖ്യം തുടർന്ന് കോൺഗ്രസ്

പുൽപ്പള്ളി
പുൽപ്പള്ളി പഞ്ചായത്തിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച് ജയിച്ച സ്ഥിരംസമിതി സ്ഥാനങ്ങൾ നിൽക്കക്കള്ളിയില്ലാതെ രാജിവച്ച് കോൺഗ്രസ്. ആരോഗ്യ, വികസന സ്ഥിരംസമിതികളിലേക്ക് ബിജെപി വോട്ടുവാങ്ങി വിജയിച്ച വനിതാ അംഗങ്ങളായ ഗീത കുഞ്ഞിക്കൃഷ്ണനും സെലിൻ മാനുവലുമാണ് രാജിവച്ചത്. കോൺഗ്രസ്–ബിജെപി സഖ്യത്തിനെതിരെ സിപിഐ എം ശക്തമായി പ്രതികരിച്ചതോടെ ഗത്യന്തമില്ലാതെയാണ് രാജി. എന്നാൽ, എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ബുധനാഴ്‌ച നടന്ന ക്ഷേമകാര്യ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യം കോൺഗ്രസ് തുടർന്നു.
അതേസമയം, ബുധനാഴ്‌ച നടന്ന ക്ഷേമകാര്യ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ എട്ട് അംഗങ്ങളുണ്ടായിട്ടും കോൺഗ്രസ് സ്ഥാനാർഥികളെ നിർത്താതെയാണ് ബിജെപിയുടെ വിജയം ഉറപ്പാക്കിയത്. മൂന്ന് പേരെ വിജയിപ്പിച്ച ബിജെപിക്ക് സ്ഥിരംസമിതി ലഭിക്കും. എൽഡിഎഫിന്റെ രണ്ട് അംഗങ്ങളാണ് സമിതിയിലുള്ളത്. കോൺഗ്രസ് മത്സരിച്ചിരുന്നെങ്കിൽ ബിജെപിയുടെ അംഗബലം രണ്ടാകുമായിരുന്നു. ഉറപ്പായും ജയിക്കാമായിരുന്ന സ്ഥാനമാണ് വിട്ടുകൊടുത്തത്.
പുൽപ്പള്ളിയിലെ ബിജെപി സഖ്യം : സത്യം പറഞ്ഞ കോൺഗ്രസ് അംഗത്തിന് സസ്‌പെൻഷൻ
പുൽപ്പള്ളിയിൽ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ ബിജെപിയുമായുണ്ടാക്കിയ സഖ്യം തുറന്നുപറഞ്ഞ പഞ്ചായത്ത് അംഗത്തിനെതിരെ കോൺഗ്രസിന്റെ നടപടി. മുൻപഞ്ചായത്ത് പ്രസിഡന്റുകൂടിയായ എം ടി കരുണാകരനെതിരെയാണ് പകപോക്കൽ. ഇദ്ദേഹത്തെ പാർടിയിൽനിന്ന് സസ്‌പെൻഡ് ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് ടി ജെ ഐസക് അറിയിച്ചു. പഞ്ചായത്തിലെ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് കോൺഗ്രസ് അംഗങ്ങളെ വിജയിപ്പിച്ചത് നേതൃത്വം പറഞ്ഞതനുസരിച്ചാണെന്നാണ് കരുണാകരൻ വെളിപ്പെടുത്തിയത്. എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും ബിജെപിക്ക് നാലും സീറ്റാണുള്ളത്. വികസന, ആരോഗ്യ– വിദ്യാഭാസ സ്ഥിരംസമിതികളിലേക്ക് ബിജെപിയുടെ നാല് വോട്ടുകൾകൂടി വാങ്ങിയാണ് യുഡിഎഫ് ജയിച്ചത്. പകരം ക്ഷേമകാര്യ സ്ഥിരംസമിതി ബിജെപിക്കും സമ്മാനിച്ചു.
ബിജെപി സഖ്യമെന്ന് നേതൃത്വം അറിയിച്ചു: കരുണാകരൻ
‘തെരഞ്ഞെടുപ്പിന് മുന്പ് പാർലമെന്ററി പാർടി യോഗം ചേർന്നു. ബിജെപിയുമായി സഖ്യമുണ്ടെന്നും വോട്ട് ചെയ്യണമെന്നും മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്‌തത്. വികസന, ആരോഗ്യകാര്യ സമിതികളിലേക്ക് കോൺഗ്രസ് അംഗങ്ങളെയും ക്ഷേമകാര്യത്തിൽ ബിജെപി അംഗത്തെയും തെരഞ്ഞെടുത്തു’– കരുണാകരൻ പറഞ്ഞു
കോഴിക്കോട്ടും ബിജെപി–കോൺഗ്രസ് സഖ്യം
കോർപറേഷൻ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൈകൊടുത്ത് യുഡിഎഫ്. വിജയസാധ്യതയുണ്ടായിരുന്ന നികുതി അപ്പീൽ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തേക്ക് ബിജെപിയെ എത്തിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. നികുതി അപ്പീൽ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം നറുക്കെടുപ്പിൽ ബിജെപിക്ക് ലഭിച്ചേക്കാമെന്ന സാഹചര്യമാണുള്ളത്.
ജയസാധ്യതയില്ലാത്ത കമ്മിറ്റികളിൽ കോൺഗ്രസ് കൗൺസിലർമാരെ കൂടുതലായി മത്സരിപ്പിച്ചു. ഇതോടെ നികുതി അപ്പീൽ കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കാൻ അംഗബലമില്ലാതായി.
ഇൗ കമ്മിറ്റിയിൽ നാല് അംഗങ്ങൾ വീതമാണ് ബിജെപിക്കും കോൺഗ്രസിനുമുള്ളത്. ഒരു എൽഡിഎഫ് അംഗവുമുണ്ട്. ഇൗ സാഹചര്യത്തിൽ നറുക്കെടുപ്പിലാകും അധ്യക്ഷനെ നിശ്ചയിക്കുക.
ചങ്ങനാശേരി നഗരസഭയിൽ ബിജെപിയെ പിന്തുണച്ച് യുഡിഎഫ്
ചങ്ങനാശേരി നഗരസഭയിൽ പൊതുമരാമത്ത് സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും യുഡിഎഫ്, ബിജെപി കൂട്ടുകെട്ട്. എൽഡിഎഫിന് ലഭിക്കേണ്ട സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ഇല്ലാതാക്കാൻ യുഡിഎഫ്, ബിജെപിയെ പിന്തുണച്ചു. നഗരസഭയിൽ എൽഡിഎഫിന് ഒന്പത് സീറ്റുണ്ട്. നാല് പൊതുസ്വതന്ത്രരും പിന്തുണച്ചു. ഇതോടെ 13 ആയി.
ബിജെപിക്ക് എട്ട് സീറ്റാണുള്ളത്. കേരള കോൺഗ്രസ് ജോസഫിന്റെ രണ്ട് അംഗങ്ങളും മൂന്ന് കോൺഗ്രസ് സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചു. 13 സീറ്റുള്ള കോൺഗ്രസ് മാറിനിന്നു. അതോടെ എൽഡിഎഫിനും ബിജെപിക്കും 13 വീതം അംഗങ്ങളായി. സമിതിയിൽ ഇരുവർക്കും രണ്ടുവീതം അംഗങ്ങളായതിനാൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള നറുക്കെടുപ്പ് 11ന് നടക്കും.
ചൊവ്വാഴ്‌ച നടന്ന ആരോഗ്യം– വിദ്യാഭ്യാസ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ-് വിഭാഗം ബിജെപിയെ പിന്തുണച്ചു. ഇതോടെ 11ന് നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപി അംഗം ചെയർമാനാകും.
പൈവളിഗെയിലും ‘കോ–ലീ–ബി’
പുല്ലൂർ– പെരിയക്ക് പിന്നാലെ പൈവളിഗെ പഞ്ചായത്തിലും സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ കോ–ലീ–ബി സഖ്യം. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് ബിജെപിക്ക് വോട്ടുചെയ്‌തത്.
പഞ്ചായത്തിൽ എൽഡിഎഫ്– ഏഴ്, യുഡിഎഫ്– ഒമ്പത്, ബിജെപി-–അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. ആരോഗ്യ സ്ഥിരംസമിതിയിൽ പൊതുവിഭാഗത്തിൽനിന്നുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിലാണ് ബിജെപി അംഗത്തെ ജയിപ്പിക്കാൻ യുഡിഎഫിലെ നാല് അംഗങ്ങൾ വോട്ടുചെയ്തത്. എൽഡിഎഫിന്റെ മൂന്നുപേരും ജയിക്കുന്ന സാഹചര്യം വന്നപ്പോഴാണ് യുഡിഎഫും ബിജെപിയും രഹസ്യധാരണയിലെത്തിയത്.
പുല്ലൂര്‍–പെരിയ പഞ്ചായത്തിൽ സ്ഥിരംസമിതികളിലെ പൊതുവിഭാഗം അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും കോ–ലീ–ബി സഖ്യം മറനീക്കി. വികസനം, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം സ്ഥിരംസമിതികളിലേക്കാണ് ബിജെപി പിന്തുണയോടെ യുഡിഎഫ് തെരഞ്ഞെടുക്കപ്പെട്ടത്. വികസനകാര്യത്തിലേക്ക് യുഡിഎഫ് പിന്തുണയോടെ ബിജെപിയിലെ ഏക അംഗവും തെരഞ്ഞെടുക്കപ്പെട്ടു. വനിതാ സംവരണത്തിൽ കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങൾ ബിജെപി പിന്തുണയോടെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.










0 comments