ബിജെപിയിൽ പോര്: നേതൃയോഗത്തിൽ നിന്ന് സുരേന്ദ്രനെയും മുരളീധരനെയും മാറ്റി നിർത്തി, രാജീവ് ചന്ദ്രശേഖറിന് രൂക്ഷവിമർശനം


സ്വന്തം ലേഖകൻ
Published on Jun 28, 2025, 08:53 AM | 1 min read
തൃശൂർ : ബിജെപി നേതൃയോഗങ്ങളിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷവിമർശനം. തൃശൂർ ബിജെപി ഓഫീസിൽ വെള്ളിയാഴ്‌ച ചേർന്ന സംസ്ഥാന നേതൃയോഗത്തിലും തുടർന്ന് നടന്ന കോർകമ്മിറ്റി യോഗത്തിലും മുൻ പ്രസിഡന്റുമാരായ കെ സുരേന്ദ്രനെയും വി മുരളീധരനെയും പങ്കെടുപ്പിക്കാത്തതിലാണ് പ്രതിഷേധം.
ബിജെപി ബലിദാനികളുടെ പാർടിയാണെന്നും ഏതെങ്കിലും മുതലാളിക്ക് കൈയടക്കാനുള്ളതല്ലെന്നും സുരേന്ദ്രൻ പക്ഷത്തെ ജനറൽ സെക്രട്ടറിമാർ തുറന്നടിച്ചു. പുതിയ അധ്യക്ഷനെ കൃഷ്‌ണദാസ് പക്ഷം ഹൈജാക്ക് ചെയ്‌തതായും ആരോപിച്ചു. മുൻ പ്രസിഡന്റായ പി കെ കൃഷ്‌ണദാസിനെ പങ്കെടുപ്പിക്കുകയും കെ സുരേന്ദ്രനെയും വി മുരളീധരനെയും മാറ്റി നിർത്തുകയും ചെയ്‌തതിനെ യോഗത്തിൽ ചോദ്യം ചെയ്‌തു. എൻഡിഎ സംസ്ഥാന കൺവീനർ എന്ന നിലയിലാണ് കൃഷ്‌ണദാസിനെ പങ്കെടുപ്പിച്ചതെന്നായിരുന്നു ഔദ്യോഗിക നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ കുമ്മനം രാജശേഖരനെ പങ്കെടുപ്പിച്ചതിന് മറുപടിയുണ്ടായില്ല.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ എന്നിവരുടെ യോഗമാണ് ചേർന്നത്. അതിനുശേഷം അവയിലബിൾ കോർകമ്മിറ്റിയാണ് ചേർന്നത്. 30ന് സംസ്ഥാന കോർകമ്മിറ്റി തിരുവനന്തപുരത്ത് ചേരും എന്നാണ് നേതൃത്വത്തിന്റെ മറുപടി. എന്നാൽ 30 ജില്ലാ ഭാരവാഹികൾ പങ്കെടുക്കുന്ന ഇത്തരം പ്രധാന യോഗങ്ങളിൽ മുൻ സംസ്ഥാന അധ്യക്ഷരെ പങ്കെടുപ്പിക്കുന്ന കീഴ്‌വഴക്കമുണ്ട്. ഇത് മാറ്റി പാർടിയെ കമ്പനിയാക്കുന്ന പ്രവണതക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകാനാണ് സുരേന്ദ്രൻ- മുരളീധരൻ പക്ഷത്തിന്റെ നീക്കം.









0 comments