print edition ഫണ്ട് വെട്ടിപ്പ് ശരിവച്ച് ബിജെപി നേതൃത്വം; കൃഷ്ണദാസിനെതിരെയും മൊഴി


സ്വന്തം ലേഖകൻ
Published on Aug 12, 2026, 01:00 AM | 1 min read
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് കോടിക്കണക്കിന് രൂപ വെട്ടിച്ചെന്ന് കോർകമ്മിറ്റി യോഗത്തിൽ നേതൃത്വം സമ്മതിച്ചതിനുപിന്നാലെ തെളിവെടുപ്പുമായി അച്ചടക്കസമിതി. ആരോപണവിധേയയായ അഞ്ജന, അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ഗിരീശൻ എന്നിവരെ ചൊവ്വാഴ്‌ച പാർടി ആസ്ഥാനത്ത് വിളിച്ചുവരുത്തി ഒന്നിച്ചിരുത്തി അച്ചടക്കസമിതി അംഗങ്ങളായ കുമ്മനം രാജശേഖരനും ജേക്കബ് തോമസും സംസാരിച്ചു.
വെട്ടിപ്പിനെക്കുറിച്ചുള്ള പരാതിയും പണംപോയ വഴി വ്യക്തമാക്കുന്ന തെളിവുകളും അഞ്ജന കൈമാറിയതായാണ് വിവരം. വാഹന ഉപയോഗം സംബന്ധിച്ച് വ്യാജ ബില്ലിൽ പണം അനുവദിച്ചതിൽ ട്രഷറർ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾക്കെതിരെയും ആരോപണമുണ്ട്.
ഓ-ഫീസ് മേൽനോട്ടംവഹിച്ചിരുന്ന ചിലരിൽ കുറ്റംചാർത്തി എസ് സുരേഷ് ഉൾപ്പെടെയുള്ളവരെ രക്ഷിച്ചെടുക്കാൻ നീക്കമുണ്ടെന്ന ആരോപണവും മറുപക്ഷം ഉയർത്തുന്നുണ്ട്. ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് നിഷേധക്കുറിപ്പിറക്കിയ രാജീവ് ചന്ദ്രശേഖർ സുരേഷിനെതിരായ വാർത്തകളെ പ്രതിരോധിക്കുകയും വെട്ടിപ്പ് പാടെ തള്ളാതിരിക്കുകയും ചെയ്തത് ഇതിന്റെ ഭാഗമാണെന്നും പറയുന്നു. തൃശൂരിലും തിരുവനന്തപുരത്തെ ഓഫീസ് കേന്ദ്രീകരിച്ചും നടന്ന ഫണ്ട് വെട്ടിപ്പുകളെക്കുറിച്ച് കോർകമ്മിറ്റിയിൽ രൂക്ഷവിമർശമുയർന്നപ്പോൾ നിഷേധിക്കാതെ, അച്ചടക്കസമിതി അന്വേഷിക്കുന്നുണ്ട് എന്നാണ് പ്രസിഡന്റ് വിശദീകരിച്ചത്. അഞ്ജനയോട് സംസാരിക്കാൻ ജേക്കബ് തോമസിനെ ഏൽപ്പിച്ചതും രാജീവാണ്.
സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി നടത്തുമ്പോൾ ആർഎസ്‌എസ് പ്രതിനിധിയും നിർണായക സ്ഥാനം ഏൽപ്പിച്ചേക്കും. ‘ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്ന്’ കോർകമ്മിറ്റിയിൽ പറഞ്ഞെങ്കിലും വെട്ടിപ്പ് നടത്തിയ എല്ലാവർക്കുമെതിരെ നടപടിയെടുക്കാൻ മുതിർന്നാൽ മാരാർജി ഭവൻ അടച്ചുപൂട്ടേണ്ടിവരുമെന്നാണ് വി മുരളീധരനൊപ്പമുള്ളവർ പറയുന്നത്.










0 comments