ഭൂമി കുംഭകോണത്തിൽ മറുപടിയില്ലാതെ രാജീവ് ചന്ദ്രശേഖർ; ചോദ്യങ്ങൾ തുടർന്നപ്പോൾ ഇറങ്ങിപ്പോയി

രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കർണാടകത്തിൽ നടത്തിയ കോടികളുടെ ഭൂമി കുംഭകോണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. അഴിമതിയെക്കുറിച്ച് നിരന്തരം ചോദ്യമുന്നയിച്ചിട്ടും വാർത്താസമ്മേളനത്തില്‍ രാജീവ് പ്രതികരിച്ചില്ല. താൻ ഉന്നയിക്കുന്ന ആരോപണങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നും, ചില ക്രിമിനലുകൾ മാധ്യമങ്ങളിൽ കയറിയിട്ടുണ്ടെന്നുമായിരുന്നു മറുപടി. അതിനിടെ ചോദ്യം ഉന്നയിച്ച മാധ്യമങ്ങളോട് ബിജെപി ജനറൽ സെക്രട്ടറി എസ് സുരേഷ് കയർത്തു. തുടർന്ന് വാർത്താസമ്മേളനം അവസാനിപ്പിച്ച് ബിജെപി നേതാക്കൾ ഇറങ്ങിപ്പോയി.
വ്യവസായം തുടങ്ങാൻ ബിപിഎൽ ഇന്ത്യ ലിമിറ്റഡിന് കർണാടക സർക്കാർ കെഐഎഡിബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡ്) വഴി തുച്ഛവിലയ്‌ക്ക് നൽകിയ ഭൂമി രാജീവ് ചന്ദ്രശേഖറും കുടുംബവും കോടികൾ വാങ്ങി മറിച്ചുവിറ്റ വിവരം വാർത്താചാനലാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. 175 ഏക്കർ ഭൂമി മറിച്ചുവിറ്റ് 500 കോടിരൂപ തട്ടിയെന്നും ഭൂമി തിരികെപ്പിടിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ അഭിഭാഷകനായ കെ എൻ ജഗദേഷ് കുമാർ കർണാടക ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പരാതി നൽകി.
കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ അട്ടിമറിക്കപ്പെടുമെന്ന ആശങ്ക പങ്കുവച്ചുള്ള പരാതിയിൽ, ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഇഡിക്കും സിബിഐക്കും പകർപ്പയച്ചിട്ടുണ്ട്. പ്രത്യേക അന്വേഷക സംഘത്തെ നിയോഗിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജീവിന്റെ ഭാര്യ അഞ്ജലി, സഹോദരൻ അജിത് നമ്പ്യാർ, ഭാര്യാപിതാവ് ഗോപാൽ നമ്പ്യാർ എന്നിവർചേർന്ന് 1995ലാണ് ദോബ്ബാസ്‍പേട്ടിലെ നെലമംഗലയില്‍ ഭൂമി വാങ്ങിയത്. ഭൂമി പാട്ടത്തിനെടുത്ത് പണയപ്പെടുത്തി വായ്‌പയെടുക്കുകയും വിൽക്കുകയുമായിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ വ്യവസായം തുടങ്ങിയില്ലെങ്കിൽ ഭൂമി തിരിച്ചുപിടിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. വർഷങ്ങൾ തരിശിട്ടശേഷം ഭൂമി മുറിച്ചുവിറ്റു. 2011ൽ 87 ഏക്കർ 275.45 കോടിരൂപയ്‌ക്കും 2009–10ൽ 33 ഏക്കർ 31 കോടി രൂപയ്‌ക്കും മാരുതി സുസുക്കിക്ക് വിറ്റു. 2011ലാണ് നാലുകോടിക്ക് മൂന്നേക്കറിലേറെ ബിഒസി ഇന്ത്യ ലിമിറ്റഡും 33.5 കോടിക്ക് 25 ഏക്കര്‍ ജിൻഡാൽ അലുമിനിയം ലിമിറ്റഡും വാങ്ങിയെന്നും പരാതിയിലുണ്ട്.
രാജീവ് ചന്ദ്രശേഖർ കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇടപെടുന്നില്ലെന്നുമാണ് അഭിഭാഷകന്റെ പരാതി.










0 comments