ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ കാവി ഒഴിവാക്കാൻ നിർദേശം
print edition ന്യൂനപക്ഷപ്പേടി ; കാവി വിലക്കി ബിജെപി , നീക്കം പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്

കോഴിക്കോട്
ബിജെപി പോസ്റ്ററുകളിൽനിന്നും കാവി നിറം ഒഴിവാക്കണമെന്ന് നേതൃത്വം. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഐടി സെല്ലിന് കാവി മാറ്റാൻ നിർദേശം നൽകിയത്. ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ കാവി വേണ്ടെന്നാണ് നിർദേശം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്പെ പ്രചാരണങ്ങളിൽ കാവിക്ക് വിലക്കേർപ്പെടുത്തിക്കഴിഞ്ഞു.
ഒരുമാസമായി പ്രചാരണങ്ങളിൽ കാവി പുറത്താണ്. ഗൃഹസമ്പർക്ക പരിപാടികൾ ഉൾപ്പെടെയുള്ള പോസ്റ്ററുകൾ കാവി മാറ്റി പലയിടത്തും ബഹുവർണത്തിലാക്കിയത് ഇതിന്റെ ഭാഗമാണ്. കാവിവൽക്കരണം, കാവി ഭീകരത എന്നീ പ്രയോഗങ്ങൾ ന്യൂനപക്ഷങ്ങളെയടക്കം സ്വാധീനിക്കുന്നതിനാൽ കണ്ണിൽപൊടിയിടാനാണീ തന്ത്രം.
ഛത്തീസ്ഗഡിലെ കന്യാസ്‌ത്രീ വേട്ടയടക്കമുള്ള സംഭവങ്ങൾ ക്രൈസ്‌തവ സഭകളിലടക്കം എതിർപ്പ് ശക്തമാക്കിയെന്ന ചർച്ച ബിജെപി നേതൃത്വത്തിലുണ്ട്. ബി ഗോപാലകൃഷ്‌ണൻ, ടി പി സെൻകുമാർ തുടങ്ങിയ ചില നേതാക്കളുടെ കടുത്ത വിദ്വേഷപരാമർശങ്ങളും വിപരീതഫലം ചെയ്യുന്നെന്ന വിലയിരുത്തലുണ്ട്. ഇൗ സാഹചര്യത്തിലാണ് മുഖംമിനുക്കാനായി കാവിക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. അതേസമയം, വേണ്ടത്ര ചർച്ച ചെയ്യാതെയാണ് രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനമെന്ന വിമർശം സംസ്ഥാന ഭാരവാഹികൾക്കടക്കമുണ്ട്. പാർടിയെ സജീവമാക്കാതെ മാധ്യമശ്രദ്ധയ്‌ക്കുള്ള നീക്കത്തിലാണ് പ്രസിഡന്റെന്ന ആക്ഷേപവും ശക്തമാണ്.








0 comments