ദുരിതാശ്വാസം ; വയനാടിന് പൂജ്യം ഹിമാചലിന് 2006 കോടി ഉത്തരാഖണ്ഡിന് 1505 കോടി

ന്യൂഡൽഹി
ഉരുൾപൊട്ടലിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ട വയനാടിന് ചില്ലികാശ് നൽകാതെ കേരളത്തോട് ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന കേന്ദ്ര ബിജെപി സർക്കാർ മറ്റ് സംസ്ഥാനങ്ങളെ നിർലോഭം സഹായിക്കുന്നത് തുടരുന്നു. കോൺഗ്രസ് ഭരണത്തിലുള്ള ഹിമാചലിന് 2006.4 കോടി രൂപയുടെ സഹായം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായുള്ള ഉന്നതതല സമിതിയാണ് ഹിമാചലിന് 2006 കോടി അനുവദിക്കാൻ തീരുമാനിച്ചത്.
ദേശീയ ദുരന്തനിവാരണ നിധിയിലെ കേന്ദ്രവിഹിതമായ 1504.8 കോടിക്ക് പുറമെ അധികസഹായമായി 633.73 കോടി രൂപ കൂടി അനുവദിച്ചു. ജോഷിമഠിൽ ഭൂമി താഴ്‌ന്നുണ്ടായ നഷ്ടങ്ങൾക്ക് പകരമായി ഉത്തരാഖണ്ഡിന് 1658.17 കോടി രൂപയും മഞ്ഞുമലകൾ ഉരുകിയുണ്ടായ വെള്ളപ്പൊക്കം സൃഷ്ടിച്ച നഷ്ടങ്ങൾക്ക് പകരമായി സിക്കിമിന് 555.27 കോടി രൂപയും കേന്ദ്രം അനുവദിച്ചു.
ഇതിന് പുറമെ പ്രകൃതിക്ഷോഭ പ്രതിരോധ നടപടികള്‍ക്കായി 7253.51 കോടി രൂപയും ധനമന്ത്രി, കൃഷി മന്ത്രി, നിതി ആയോഗ് ഉപാധ്യക്ഷൻ എന്നിവർ കൂടി ഉൾപ്പെടുന്ന ഉന്നതതല സമിതി അനുവദിച്ചു.
ഇതിൽ 3075.65 കോടി രൂപ നഗരങ്ങളിലെ പ്രളയം തടയുന്നതിനാണ്. മണ്ണിടിച്ചിൽ തടയുന്നതിന് 1000 കോടിയും കാട്ടുതീ തടയാൻ 818.92 കോടിയും ഇടിമിന്നൽ പ്രതിരോധത്തിന് 186.78 കോടിയും വരൾച്ച തടയുന്നതിന് 2022.16 കോടിയും അനുവദിച്ചു. മഞ്ഞുമലകൾ ഉരുകിയുള്ള പ്രളയം തടയുന്നതിനായി 150 കോടിയും നീക്കിവച്ചു.









0 comments