print edition ബിജെപി ഫണ്ട് വെട്ടിപ്പ്; ടാക്‌സി ബില്ലിലെ ജിഎസ്‌ടി നമ്പറും വ്യാജം

ഒറിജിനൽ ഇൻവോയ്സ്, ജിഎസ്ടി നമ്പർ രേഖപ്പെടുത്തി ഉണ്ടാക്കിയ വ്യാജ രേഖ
തിരുവനന്തപുരം : പലവ്യഞ്ജനക്കടയുടെ ജിഎസ്‌ടി നമ്പർ ഉപയോഗിച്ച് തട്ടിപ്പുനടത്തിയെന്ന വാർത്തയ്‌ക്കുപിന്നാലെ ബിജെപി തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടാക്‌സി ബില്ലിലും ജിഎസ്‌ടി നമ്പർ മാറ്റി നൽകിയതായി വിവരം. തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റിയുമായി കരാറില്ലാത്ത കവടിയാറിലെ ട്രാവൽ ഏജൻസിയുടെ ജിഎസ്‌ടി നമ്പർ കുന്നുകുഴിയിലെ മറ്റൊരു ഏജൻസിയുടെ ബില്ലിൽ രേഖപ്പെടുത്തിയാണ് തുക നൽകിയിരിക്കുന്നത്.
30.59 ലക്ഷം രൂപയുടെ ബില്ലാണ് കുന്നുകുഴിയിലെ ട്രാവൽസിൽനിന്ന് വാങ്ങിയത്. ബിഎസ്‌എഫ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസിക്കുവേണ്ടി വണ്ടി ഓടി എന്ന വ്യാജബിൽ സംഘടിപ്പിച്ചത് ഇൗ സ്ഥാപനത്തിൽനിന്നാണ്. തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ചുമതലയുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി അഞ്ജന രഞ്ജിത്ത് കുന്നുകുഴിയിലെ ട്രാവൽസ് ഉടമയുമായി സംസാരിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. 18 സെഡാൻ കാറുകൾ വേണമെന്നും മീഡിയയ്‌ക്കു നൽകാനാണ് എന്നുമാണ് അഞ്ജന പറയുന്നത്. ഇത്രയും കാറുകൾ സംഘടിപ്പിച്ച് നൽകാമെന്ന് ട്രാവൽ ഉടമ മറുപടിയും നൽകുന്നുണ്ട്. ജിഎസ്‌ടി നമ്പറിലെ തട്ടിപ്പ് ബിജെപി ഓഫീസിലെ അക്കൗണ്ട്‌സ് വിഭാഗം പിടിച്ചുവെന്നും ചേട്ടൻ നേരിട്ടു വരണമെന്നും ബിജെപി ഓഫീസിലെ ജീവനക്കാരൻ ട്രാവൽ ഉടമയോടുപറയുന്ന ശബ്ദരേഖയും പുറത്തുവന്നു.
കുന്നുകുഴിയിലെ ട്രാവൽസ് ഉടമ വ്യാജ ജിഎസ്ടി നമ്പർ അടങ്ങിയ വെൻഡർ ഫോം നൽകിയത് അക്കൗണ്ട്സ് വിഭാഗം കണ്ടെത്തിയിട്ടും അഞ്ജനയെ നിലനിർത്തിയതിൽത്തന്നെ തട്ടിപ്പ് വ്യക്തം. ഇത്രയേറെ തെളിവുണ്ടായിട്ടും ‘ഒരു തട്ടിപ്പും നടന്നിട്ടില്ല’ എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ പറയുന്നത്. തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ തുറന്നുപറയണമെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ പ്രത്യേക എൻഡിഎ യോഗം വിളിക്കണമെന്നും ഘടകകക്ഷികൾ ആവശ്യപ്പെട്ടതും പി സി ജോർജിന്റെ വെളിപ്പെടുത്തലും ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്.










0 comments