print edition ബിജെപി ഫണ്ട് വെട്ടിപ്പ്: കൊടിയുടെ പേരിൽ വ്യാജബില്ല്; കോടതി റിപ്പോർട്ട് തേടി

സ്വന്തം ലേഖകൻ
Published on Aug 02, 2026, 01:16 AM | 1 min read
തിരുവനന്തപുരം: ബിജെപിയിലെ നിയമസഭാ ഫണ്ട് വെട്ടിപ്പ് കോടതിയിലേക്ക്. കൊടി വിറ്റുവെന്നുകാണിച്ച് വ്യാജബില്ലുണ്ടാക്കി പണംതട്ടിയ കേസിൽ നെടുമങ്ങാട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെഞ്ഞാറമൂട് പൊലീസിനോട് റിപ്പോർട്ട് തേടി. വാമനപുരം എ എ സ്‌റ്റോർ ഉടമയും ബിജെപി വാമനപുരം മണ്ഡലം ജനറൽ സെക്രട്ടറിയുമായ ജി പ്രമദചന്ദ്രനാണ് ഹർജി നൽകിയത്. പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണം നടത്താത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് പ്രമദചന്ദ്രൻ പറഞ്ഞു.
ബിജെപി കേന്ദ്രകമ്മിറ്റി സൗജന്യമായാണ് കൊടികൾ നൽകിയത്. ഇത് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലക്കാർ പണം വാങ്ങി വിതരണംചെയ്‌ത് കോടികൾ അടിച്ചുമാറ്റിയെന്നാണ് ആക്ഷേപം. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബില്ലിൽ ഉൾപ്പെടുത്തിയ ജിഎസ്‌ടി നന്പർ വ്യാജമെന്നും കണ്ടെത്തി. പ്രമദചന്ദ്രന്റെ ഭാര്യയുടെ പേരിലുള്ള വാമനപുരം എഎ ഏജൻസിയുടെ ജിഎസ്‌ടി നന്പറാണ് ഉപയോഗിച്ചത്. 3.25 ലക്ഷം രൂപയാണ് വ്യാജബില്ലിൽ കാണിച്ചത്.
വാമനപുരത്തും ബിജെപിയുടെയും ബിഡിജെഎസിന്റെയും ഫണ്ട് വെട്ടിച്ചതായി സംശയമുണ്ട്. വാമനപുരം മണ്ഡലത്തിൽ 231 ബൂത്താണുള്ളത്. ഓരോന്നിനും 25, 000 രൂപ വീതം നൽകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ 8000 രൂപ വരെയാണ് ലഭിച്ചതെന്നും പ്രമദചന്ദ്രൻ പറഞ്ഞു.










0 comments