print edition ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കുംഭകോണം; പലചരക്കുകട ഉടമ പരാതി നൽകി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് നേതാക്കൾ കോടികൾ വെട്ടിച്ചുവെന്ന വിവാദം നിയമനടപടികളിലേക്ക്. തന്റെ കടയുടെ ജിഎസ്‌ടി നന്പർ ദുരുപയോഗിച്ച് തട്ടിപ്പുനടത്തിയത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് വാമനപുരത്തെ പലചരക്ക് വ്യാപാരി പ്രമദചന്ദ്രൻ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.
കടയുടെ ബോർഡിലുള്ള ജിഎസ്‌ടി നന്പറാണ് ദുരുപയോഗിച്ചതെന്ന് ബിജെപി വാമനപുരം മണ്ഡലം ജനറൽ സെക്രട്ടറികൂടിയായ പ്രമദചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഫോൺനന്പറിൽനിന്ന് ഒരു നന്പർമാറ്റിയാണ് ബില്ലിൽ രേഖപ്പെടുത്തിയത്. വിളിച്ചാൽ കിട്ടരുത് എന്ന ഉദ്ദേശ്യത്തോടെയാണിത് ചെയ്‌തത്.
കടയുടെ വിലാസവും വ്യാജമായി നൽകി. ബില്ലിൽ ഒപ്പും സീലുമില്ല. കടയിൽ കൊടി തോരണങ്ങളല്ല, ഭക്ഷ്യവസ്‌തുക്കളാണ് വിൽക്കുന്നത് –പ്രമദചന്ദ്രൻ പറഞ്ഞു. വട്ടിയൂർക്കാവിലെ പ്രചാരണത്തിന് പതിനായിരം കൊടി വാങ്ങിയതിന് 3.25ലക്ഷം രൂപയുടെ ബില്ലാണ് ബിജെപി സമർപ്പിച്ചത്. ബില്ലിൽ നൽകിയിരുന്ന ജിഎസ്‌ടി നന്പർ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് പലചരക്കുകടയെന്ന് മനസ്സിലാക്കിയത്.
ബിജെപി കേന്ദ്രകമ്മറ്റി സൗജന്യമായി നൽകിയ കൊടികൾ നേതാക്കൾ വിറ്റ് കോടികൾ കൈക്കലാക്കിയെന്നാണ് ആരോപണം. തട്ടിപ്പുസംബന്ധിച്ച് ഒരു നേതാവ് കേന്ദ്ര നേതൃത്വത്തിനയച്ച കത്ത് പുറത്തുവന്നിരുന്നു. ബിജെപി അഖിലേന്ത്യാ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന് അയച്ചതെന്ന് പറയുന്ന പരാതിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന്റെയുൾപ്പെടെ പേരുകളുണ്ട്.










0 comments