തൃശൂർ ജില്ലയിലെ ആദ്യ പരീക്ഷണശാല
print edition ഗുരുവായൂരിൽ വീണ്ടും കോ–ലീ–ബി സഖ്യത്തിന് ശ്രമം


സ്വന്തം ലേഖകൻ
Published on Apr 02, 2026, 12:43 AM | 1 min read
ഗുരുവായൂർ: ജില്ലയിലെ കോ–ലീ–ബി സഖ്യത്തിന്റെ ആദ്യ പരീക്ഷണശാലയാണ് ഗുരുവായൂർ നിയോജക മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ–പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും ഇവിടെ കോ–ലീ–ബി സഖ്യം അരങ്ങേറിയിട്ടുണ്ട്. സമാനരീതിയിലാണ് ഇപ്പോഴും ഇവിടെ അവിശുദ്ധ സഖ്യം തുടരുന്നത്.
വർഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിന് തെരഞ്ഞെടുപ്പു കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ എൻഡിഎ സ്ഥാനാർഥി അഡ്വ. ബി ഗോപാലകൃഷ്‌ണന്റെ പത്രിക തള്ളണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മൗനംപാലിച്ച യുഡിഎഫ് നിലപാട് കോ–ലീ–ബി ഡീലിന്റെ തെളിവാണ്. ബിജെപി സൗഹൃദം ഉറപ്പാക്കാനാണ് ഇൗ വിഷയത്തിൽ യുഡിഎഫ് നിശ്ശബ്ദത പാലിച്ചത്. ബിജെപി സ്ഥാനാർഥിക്കെതിരെ മൗനംപാലിച്ച ലീഗ് സ്ഥാനാർഥി സി എച്ച് റഷീദ്, അടിസ്ഥാനമില്ലാത്ത കാരണം ഉന്നയിച്ച് എൽഡിഎഫ് സ്ഥാനാർഥി എൻ കെ അക്‌ബറിന്റെ പത്രിക സ്വീകരിക്കരുതെന്ന് വാദിക്കുകയും ചെയ്തു.
2000ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ നഗരസഭയിൽ ഒരുമിച്ചായിരുന്നു യുഡിഎഫും ബിജെപിയും മത്സരിച്ചത്. ആകെയുണ്ടായിരുന്ന 22ൽ 20 സീറ്റിൽ യുഡിഎഫും രണ്ടുസീറ്റിൽ ബിജെപിയും മത്സരിച്ചു. നഗരസഭയിൽ ആദ്യമായി ബിജെപിയെ രണ്ടുസീറ്റിൽ ജയിപ്പിച്ചത് യുഡിഎഫാണ്. അന്ന് ജയിച്ച ബിജെപി നേതാവ് ശോഭ ഹരിനാരായണനാണ് ഇന്നും അതേ വാർഡിലെ കൗൺസിലർ.
2000ൽ ചാവക്കാട് നഗരസഭയിലും ബിജെപിയും യുഡിഎഫും സഖ്യത്തിലായിരുന്നു. ബിജെപി കൗൺസിലർ തേർളി നാരായണന്റെ പിന്തുണയിലാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. പി കെ അബൂബക്കർ ഹാജിയായിരുന്നു ബിജെപി പിന്തുണയിൽ അഞ്ച് വർഷം ചാവക്കാട് നഗരസഭാ ചെയർമാൻ. ഇൗ പിന്തുണയ്‌ക്ക് പ്രത്യുപകാരമായി 2000–-2005 ൽ തേർളി നാരായണന് സ്ഥിരംസമിതി അംഗത്വം നൽകി. 1980, 88 വർഷങ്ങളിൽ പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിലും കോ–ലീ–ബി സഖ്യം നിലനിന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി അഡ്വ. നിവേദിതയുടെ പത്രിക ‘തള്ളിപ്പോയതിനു’കാരണം ഡീൽ ആണെന്ന് ബിജെപിക്കുള്ളിൽത്തന്നെ ആക്ഷേപം ഉയർന്നിരുന്നു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ എൻ കെ അക്‌ബറിനെ തോൽപ്പിക്കാൻ സുരേഷ് ഗോപി പരസ്യമായി ആഹ്വാനം ചെയ്യുകയുമുണ്ടായി.










0 comments