ad
Deshabhimani

print edition പറവൂരിലും നേമത്തും ബിജെപി–കോൺഗ്രസ്‌ 
ഡീൽ: മന്ത്രി വി ശിവൻകുട്ടി

a
വെബ് ഡെസ്ക്

Published on Jan 31, 2026, 01:45 AM | 1 min read


തിരുവനന്തപുരം

നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്താവന കേവലം വ്യക്തിഗത തീരുമാനമല്ലെന്നും ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയകച്ചവടത്തിന്റെ ഭാഗമാണെന്നും മന്ത്രി വി ശിവൻകുട്ടി. നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക, ഇതാണ് ഈ ഡീലിന്റെ അന്തസ്സത്ത. ഈ ഒത്തുകളി പുറത്തുവരുമ്പോൾ ഉണ്ടായ പരിഭ്രമമാണ് ചർച്ച വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച് സതീശൻ നടത്തുന്ന വിലാപങ്ങൾക്കു പിന്നിലെന്ന്‌ മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.


‘തെരഞ്ഞെടുപ്പിലെ യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന്‌ സതീശൻ പറയുന്നത് എന്തടിസ്ഥാനത്തിലാണ്. സംഘപരിവാർ അജൻഡകൾ കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ, അത് സതീശന് ഒരു യഥാർഥ വിഷയമായി തോന്നാത്തത് എന്തുകൊണ്ടാണ്. ഈ മണ്ണിൽ വർഗീയത വിതയ്ക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയമായി നേരിടേണ്ട വിഷയംതന്നെയല്ലേ. ഒരേസമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി ഡി സതീശൻ കൈക്കൊള്ളുന്നത്. വർഗീയശക്തികളുമായി ചങ്ങാത്തംകൂടി വോട്ടുബാങ്ക് ഉറപ്പിക്കാനുള്ള ഈ നീക്കം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും’– മന്ത്രി പറഞ്ഞു.


മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളെയും എ കെ ജി സെന്ററിനെയും പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം സതീശന്റെ രാഷ്ട്രീയപാപ്പരത്തമാണ്. യഥാർഥത്തിൽ വി ഡി സതീശനെ നിയന്ത്രിക്കുന്നത് പിആർ ഏജൻസികളാണ്. രാഷ്ട്രീയനിലപാടുകളെ രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്തവരാണ് വിലകുറഞ്ഞ പ്രയോഗങ്ങളുമായി വരുന്നത്. വികസനവും മതനിരപേക്ഷതയും ചർച്ചയാകുമ്പോൾ കോൺഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുമെന്ന്‌ മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home