നേമത്തും തൃശൂരിലും വിരിഞ്ഞ താമരക്കൈ; ഇതാണ് ഡീലിന്റെ കണക്ക്

തിരുവനന്തപുരം: വർഗീയകക്ഷികളെ പാർലമെന്ററി രംഗത്തും പുറത്തും എക്കാലത്തും ഇടതുപക്ഷം ചെറുത്തുനിന്നപ്പോൾ, പരവതാനി വിരിച്ചുകൊടുത്ത ചരിത്രമാണ് യുഡിഎഫിന്റേത്. കേരളത്തിൽ ആദ്യമായി നിയമസഭാ മണ്ഡലത്തിലും ലോക്സഭാ മണ്ഡലത്തിലും ബിജെപി തുറന്ന അക്കൗണ്ടുകളുടെ യഥാർത്ഥ അവകാശി കോൺഗ്രസും യുഡിഎഫുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
നേമത്ത് വിരിഞ്ഞ താമര
2016ലെ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലൂടെയാണ് ബിജെപി കേരളത്തിൽ ആദ്യമായി നിയമസഭാ സീറ്റിൽ വിജയിച്ചത്. ഒ രാജഗോപാൽ ബിജെപിക്കായും വി ശിവൻകുട്ടി എൽഡിഎഫിനായും വി സുരേന്ദ്രൻ പിള്ള യുഡിഎഫിനായും മത്സരിച്ചു. മണ്ഡലത്തില്‍ സ്വാധീനമില്ലാത്ത ഘടകകക്ഷിക്ക് സീറ്റ് നല്‍കിയത് തന്നെ കോൺഗ്രസ്- ബിജെപി ധാരണയിലായിരുന്നു.
മുൻതെരഞ്ഞെടുപ്പിൽ എൽഡിഎഫ്- 50,076, ബിജെപി- 43,661, യുഡിഎഫ്- 20,248 എന്നിങ്ങനെയായിരുന്നു വോട്ട്നില. എന്നാൽ 2016ൽ 67,813 വോട്ട് നേടി രാജഗോപാൽ വിജയിച്ചു. 8,671 വോട്ടുകളായിരുന്നു ഭൂരിപക്ഷം. ശിവൻകുട്ടിക്ക് ലഭിച്ചത് 59,142 വോട്ടുകൾ. 2011നേക്കാൾ 9,066 വോട്ടുകൾ അധികമായി നേടി. 13,860 വോട്ടുകൾ മാത്രമാണ് സുരേന്ദ്രൻപിള്ളയ്ക്ക് ലഭിച്ചത്. 2011നേക്കാൾ 7,388 വോട്ടുകൾ കുറഞ്ഞ യുഡിഎഫിന് കെട്ടിവെച്ച കാശും നഷ്ടമായി.
നേമം | 2011 | 2016 |
എല്‍ഡിഎഫ് | 50,076 | 59,142 |
യുഡിഎഫ് | 20,248 | 13,860 |
ബിജെപി | 43,661 | 67,813 |
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നേമത്ത് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 32,639 വോട്ടുകൾ ലഭിച്ചിരുന്നു. 2015ലെ തദ്ദേശതെരഞ്ഞെടുപ്പിലാകട്ടെ 32,100 വോട്ടും ലഭിച്ചു. കോൺഗ്രസിന് സ്വാധീനമുണ്ടായിരുന്ന മണ്ഡലത്തിൽ എൽഡിഎഫിനെ പരാജയപ്പെടുത്തുകയെന്ന ഡീലിൽ ബിജെപിക്ക് വിജയമൊരുക്കുകയായിരുന്നു.
എന്നാൽ തുടർന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തെ ബിജെപി അക്കൗണ്ട് എൽഡിഎഫ് ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. 2021ൽ 55,837 വോട്ടുനേടി വി ശിവൻകുട്ടി വിജയിച്ചുവന്നതും മറ്റൊരു ചരിത്രം.
തൃശൂരിലെ കൈമാറ്റം
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയം കോൺഗ്രസ് നൽകിയ വോട്ടുകളിലൂടെയായിരുന്നു. എൽഡിഎഫിനായി വി എസ് സുനിൽകുമാറും യുഡിഎഫിനായി കെ മുരളീധരനും മത്സരിച്ചു. സിറ്റിങ് എംപിയായിരുന്ന ടി എൻ പ്രതാപനെ മാറ്റിനിർത്തി വടകരയിലെ എംപിയായിരുന്ന കെ മുരളീധരനെ തൃശൂരിൽ സ്ഥാനാർഥിയാക്കിയത് ഈ ഡീലിന്റെ ഭാഗമാണ്.
മുൻതെരഞ്ഞെടുപ്പിൽനിന്നും എൽഡിഎഫ് വോട്ടുകൾ വർധിപ്പിച്ചപ്പോൾ യുഡിഎഫിന് ഗണ്യമായി കുറയുകയും സിറ്റിങ് സീറ്റിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 2019ൽ രാജാജി മാത്യു തോമസിലൂടെ എൽഡിഎഫിന് ലഭിച്ചത് 3,21,456 വോട്ടുകളാണ്. 2024ൽ എൽഡിഎഫിലെ വി എസ് സുനിൽകുമാറിന് 3,37,652 വോട്ട് ലഭിച്ചു. 16,196 വോട്ടുകളുടെ വർധനവ്.
എന്നാൽ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വോട്ടുകളിൽനിന്ന് 86,965 വോട്ടുകളാണ് കുറഞ്ഞത്. ആ വോട്ടുകൾ കൃത്യമായി ബിജെപിയിലേക്ക് എത്തുകയും ചെയ്തു. കോൺഗ്രസിന് നഷ്ടപ്പെട്ട വോട്ടുകളാണ് ബിജെപിയുടെ വിജയത്തിന് കാരണമാക്കിയതെന്ന് കണക്കുകൾ തെളിയിക്കുന്നു.
തൃശൂര്‍ | 2019 | 2024 |
എല്‍ഡിഎഫ് | 321,456 | 337,652 |
യുഡിഎഫ് | 415,089 | 328,124 |
ബിജെപി | 293,822 | 412,338 |
മുൻ തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിന് കീഴിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒന്നാമതെത്തിയ കോൺഗ്രസിന് 2024ൽ ഗുരുവായൂരിൽ മാത്രമാണ് ലീഡ് നേടാനായത്. ബാക്കിയുള്ള ആറ് ഇടങ്ങളിലും വോട്ട് ബിജെപിക്ക് മറിച്ചു. നാലിടങ്ങളിൽ മൂന്നാം സ്ഥാനത്താണ് കോൺഗ്രസ്.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ യുഡിഎഫ് സംവിധാനം വരുത്തിയ വീഴ്ചകൾ മുരളീധരൻ തന്നെ വെളിപ്പെടുത്തി. കോൺഗ്രസ് സംഘടനാസംവിധാനം മോശം അവസ്ഥയിലായിരുന്നുവെന്നും, ബൂത്ത് തലത്തിൽ വീഴ്ചകളുണ്ടായെന്നും മുരളീധരൻ പറഞ്ഞു.










0 comments