print edition ബിജെപിക്ക് വഴിവെട്ടിയ കോൺഗ്രസ്

എം പ്രശാന്ത്
Published on Mar 28, 2026, 02:06 AM | 1 min read
ന്യൂഡൽഹി: ലോക്‌സഭയിൽ രണ്ടുസീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിയെ 1989ലെ തെരഞ്ഞെടുപ്പിൽ 85 സീറ്റുള്ള പാർടിയായി വളർത്തിയത് ആര്? ഒറ്റ ഉത്തരം– കോൺഗ്രസ്. അയോധ്യയിലെ ബാബ്റി മസ്‌ജിദ് ഹിന്ദുക്കൾക്ക് പ്രാർഥനയ്ക്കായി തുറന്നുകൊടുക്കാനുള്ള രാജീവ് ഗാന്ധി സർക്കാരിന്റെ തീരുമാനമാണ് ബിജെപിയുടെ അതിവേഗ വളർച്ചയ്ക്ക് വഴിയൊരുക്കിയത്. 1991ലെ തെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷമായി ബിജെപി മാറി. 1992ൽ കോൺഗ്രസ് സർക്കാരിന്റെ സഹായത്താൽ ബാബ്റി മസ്‌ജിദ് പൊളിച്ചു.
മൃദുഹിന്ദുത്വത്തെ താലോലിച്ച കോൺഗ്രസ് സംഘപരിവാറിന്റെ രാഷ്ട്രീയധാരയോടു ചേർന്നാണ് നീങ്ങിയത്. 2014ലെ തെരഞ്ഞെടുപ്പിൽ അരുണാചൽപ്രദേശിലെ അറുപതിൽ 42 സീറ്റും ജയിച്ച് കോൺഗ്രസ് അധികാരത്തിലെത്തി. 2016 മാർച്ചിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടമായി ബിജെപിയുടെ സഖ്യകക്ഷിയായ പീപ്പിൾസ് പാർടിയിലും വൈകാതെ ബിജെപിയിലുമെത്തി. ബിജെപിക്ക് സർക്കാർ രൂപീകരിക്കാനുള്ള അംഗബലമായി. ത്രിപുരയിലും സമാനമാണ് കാര്യങ്ങൾ. 2013ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സർക്കാർ രൂപീകരിച്ചു. ബിജെപിക്ക് കിട്ടിയത് 1.54 ശതമാനം വോട്ട്. 2016ൽ കോൺഗ്രസിന്റെ 10 എംഎൽഎമാരിൽ ആറുപേർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. വൈകാതെ ആറുപേരും ബിജെപിയിലെത്തി. ബിജെപി മുഖ്യപ്രതിപക്ഷമായി. 2018ൽ അധികാരം പിടിച്ചു.
2017ൽ ഗോവയിൽ നാൽപ്പതംഗ നിയമസഭയിൽ കോൺഗ്രസിന് 17ഉം ബിജെപിക്ക് 13 സീറ്റു ലഭിച്ചു. ബിജെപി ചെറുപാർടികളെ ഒപ്പംകൂട്ടി ഭരണം പിടിച്ചു. കോൺഗ്രസ് എംഎൽഎ വിശ്വജിത്ത് റാണെ കൂറുമാറിയതോടെ സർക്കാരിന് ഭൂരിപക്ഷമായി. 2019ൽ 10 കോൺഗ്രസ് എംഎൽഎമാർകൂടി ബിജെപിയിലെത്തി. 2022ൽ 20 സീറ്റ് മാത്രം നേടി ബിജെപി അധികാരം നിലനിർത്തിയപ്പോൾ കോൺഗ്രസിന്റെ എട്ട് എംഎൽഎമാർ ബിജെപിയിലെത്തി. ഒഡിഷ, ബിഹാർ, ഹരിയാന സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ബിജെപിയെ സഹായിച്ചു.









0 comments